കൊല്‍ക്കത്ത: നിരത്തിലെ മത്സരത്തിനൊപ്പമെത്താന്‍ കഴിയാതെ കാർ നിർമാണം നിർത്തിവച്ച ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് അംബാസഡറിന്റെ ബ്രാൻഡ് വിദേശ കമ്പനിയ്ക്ക് വിറ്റു. ഫ്രഞ്ച് കമ്പനിയായ പ്യൂഷോക്കാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് അംബാസഡർ ബ്രാൻഡ് വിറ്റത്. 80 കോടി രൂപയ്ക്കാണ് സികെ ബിര്‍ല ഗ്രൂപ്പ് ഇടപാട് നടത്തിയത്. ബ്രാൻഡ് വാങ്ങിയെന്നല്ലാതെ ഇന്ത്യയിൽ ഇതേ ബ്രാൻഡിൽ കാർ നിർമ്മിക്കുമോ എന്ന കാര്യം പ്യൂഷോ വ്യക്തമാക്കിയിട്ടില്ല.
സാധാരണക്കാരനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട കാറായിരുന്നു അംബാസഡർ. മൂന്നു വർഷം മുമ്പ് 2014-ലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് കുടുംബത്തിൽ നിന്നു അംബാസഡർ ബ്രാൻഡിൽ അവസാന കാർ നിരത്തിലിറങ്ങിയത്. ഇതിനു ശേഷം നിർമാണം നിലച്ച ബ്രാൻഡ് ഏറ്റെടുക്കാൻ പ്യൂഷോ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് വിൽക്കാൻ തയ്യാറാകുകയായിരുന്നു.
അറുപത് കാലഘട്ടം തൊട്ടാണ് ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നത്. 1980 വരെ അംബാസഡർ മേധാവിത്തം തുടർന്നെങ്കിലും മാരുതി 800 കാറുകളുടെ വരവോടെ അംബാസഡറിന് പിന്മാറേണ്ടി വന്നു. കമ്പനിയുടെ ബാധ്യതകളും ജീവനക്കാരുടെ കുടിശ്ശികയും ഉടൻ തന്നെ തീർക്കുമെന്ന് സി.കെ ബിർള ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.