ഇന്‍ഡോര്‍: ‘ഹിന്ദുസ്ഥാന്‍’ ഹിന്ദുക്കളുടെ രാഷ്ടമാണ് എന്ന് ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവത്. എന്നാല്‍ അതില്‍ “മറ്റുള്ളവരും” ഭാഗമല്ലെന്ന അര്‍ത്ഥമില്ല എന്നും മോഹന്‍ ഭാഗവത് പറഞ്ഞു. കോളേജ് വിദ്യാര്‍ഥികളായ ആര്‍എസ്എസ് അംഗങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ വികസനം കൊണ്ടുവരാന്‍ സാധിക്കില്ലെന്നും ആര്‍എസ്എസ് മുഖ്യന്‍ പറഞ്ഞു.

” ജര്‍മനി ആരുടെ രാജ്യമാണ്.. ജര്‍മന്‍കാരുടെ, ബ്രിട്ടന്‍ ആരുടെ രാജ്യമാണ്.. ? ബ്രിട്ടീഷുകാരുടെ.. അമേരിക്ക ആരുടെ രാജ്യമാണ്..? അമേരിക്കക്കാരുടെ. അതുപോലെ തന്നെ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെയും രാജ്യമാണ്. അതിന്‍റെയര്‍ഥം ഹിന്ദുസ്ഥാന്‍ മറ്റുള്ളവരുടെ രാജ്യമല്ല എന്നല്ല” ഭാഗവത് പറഞ്ഞു.

“ഹിന്ദു എന്നാല്‍ ഭാരത മാതാവിന്‍റെ മക്കളെയെല്ലാം ഉൾക്കൊള്ളുന്നുണ്ട്. ഇന്ത്യക്കാരായ പൂര്‍വികരുടെ പിന്മുറക്കാരും ഭാരതീയ സംസ്കാരം അനുസരിച്ച് ജീവിക്കുന്നവരുമാണ് ഹിന്ദു” ആര്‍എസ്എസ് മുഖ്യന്‍ പറഞ്ഞു.

ഒരു നേതാവും പാര്‍ട്ടിയും മാത്രം വിചാരിച്ചാല്‍ രാജ്യത്തെ മഹത്തരമാക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മോഹന്‍ ഭാഗവത് അതൊരു മാറ്റം ആവശ്യപ്പെടുന്നുണ്ട് എന്നും അതിനായി നമ്മള്‍ സമൂഹത്തെ സജ്ജമാക്കണം എന്നും പറഞ്ഞു. ” പുരാതനകാലത്ത് വികസനത്തിനായി ജനങ്ങള്‍ ദൈവത്തെ നോക്കിയിരുന്നു. പക്ഷെ ‘കലിയുഗത്തില്‍’ ജനങ്ങള്‍ സര്‍ക്കാരിനെയാണ് നോക്കുന്നത്.. എന്നാല്‍ വസ്തുതയെന്തെന്നാല്‍ സമൂഹം പോകുന്നത്ര മാത്രമേ സര്‍ക്കാരുകള്‍ക്കും പോവാന്‍ സാധിക്കൂ” ഭാഗവത് പറഞ്ഞു.

” സമൂഹം സര്‍ക്കാരിന്‍റെ പിതാവാണ്. സര്‍ക്കാരിനു സമൂഹത്തെ സേവിക്കാനാകും. പക്ഷെ മാറ്റം കൊണ്ടുവരാനാകില്ല. സമൂഹം തന്നെ സ്വയം മാറുമ്പോള്‍ മാത്രമാണ് സര്‍ക്കാരിലും വ്യവസ്ഥയിലും മാറ്റം പ്രതിഫലിക്കുക” ആര്‍എസ്എസ് മുഖ്യന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ