ബെംഗളുരു: ഉത്തര്‍പ്രദേശിലെ വാരണാസി കാശി വിശ്വനാഥ്-ഗ്യാന്‍വ്യാപി പള്ളി സമുച്ചയ കേസിനിടെ, കര്‍ണാടകയിലും സമാന ആവശ്യം. ടിപ്പു സുല്‍ത്താന്റെ കാലത്തെ പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് പ്രാര്‍ഥന നടത്താന്‍ അനുമതി തേടി ഒരു സംഘടന മാണ്ഡ്യ ജില്ലാ ഭരണകൂടത്തെ സമീപിച്ചു
ശ്രീരംഗപട്ടണത്തിലെ ഹനുമാന്‍ ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ജാമിയ മസ്ജിദ് നിര്‍മിച്ചതെന്നാണ് നരേന്ദ്ര മോദി വിചാര്‍ മഞ്ചിന്റെ നിലപാട്. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.
മസ്ജിദ്-ഇ-അല എന്നറിയപ്പെടുന്ന ജാമിയ മസ്ജിദില്‍ ഹിന്ദുക്കളെ പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ച് സംസ്ഥാന സെക്രട്ടറി സി ടി മഞ്ജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച മാണ്ഡ്യ ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ക്കു നിവേദനം നല്‍കി.
”ഹനുമാന്‍ ക്ഷേത്രവും മസ്ജിദും ഉണ്ടെന്ന് വ്യക്തമാക്കി ടിപ്പു പേര്‍ഷ്യയിലെ ഭരണാധികാരിക്ക് എഴുതിയതിന്റെ രേഖാപരമായ തെളിവുകളും അവിടുത്തെ തൂണിലും ഭിത്തിയിലുമുള്ള ഹൈന്ദവ ലിഖിതങ്ങളും ഞങ്ങളുടെ നിലപാടിനെ ശരിവയ്ക്കുന്നു. പ്രാര്‍ത്ഥന നടത്താന്‍ പള്ളിയുടെ വാതിലുകള്‍ തുറക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു,” മഞ്ജുനാഥ് തിങ്കളാഴ്ച പറഞ്ഞു. അതേസമയം, വിഷയത്തില്‍ പ്രതികരണത്തിനായി ജില്ലാ അധികൃതരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
Also Read: ഗ്യാന്‍വാപി പള്ളി കേസ്: ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രവയ്ക്കാന്‍ വാരണാസി കോടതി ഉത്തരവ്
ശ്രീരംഗപട്ടണം കോട്ടയ്ക്കകത്താണ് മസ്ജിദ്-ഇ-അല സ്ഥിതി ചെയ്യുന്നത്. ഇത് വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് നിര്‍മിച്ചതും ടിപ്പു സുല്‍ത്താന്‍ ഏറ്റെടുത്തതുമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തന്റെ കൊട്ടാരത്തോട് ചേര്‍ന്നാണ് അദ്ദേഹം മസ്ജിദ് നിര്‍മിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) പരിപാലിക്കുന്ന പൈതൃക സ്ഥലമാണ് 1782-ല്‍ നിര്‍മിച്ച ഈ പള്ളി.
മുഗള്‍ ഭരണകാലത്ത് മുപ്പത്തി ആറായിരത്തോളം ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മുസ്ലീം നേതാക്കള്‍ പോലും അംഗീകരിച്ചതായി കര്‍ണാടക മുന്‍ മന്ത്രി കെ എസ് ഈശ്വരപ്പ പറഞ്ഞിരുന്നു. പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ സുപ്രീം കോടതി വിധിക്ക് അനുസൃതമായി എല്ലാ ക്ഷേത്രങ്ങളും വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.