scorecardresearch
Latest News

ഹിന്ദുക്കൾ വിവാഹത്തിനായി മതം മാറുന്നത് തെറ്റ്: മോഹൻ ഭാഗവത്

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ കുട്ടികൾ എന്താണ് കാണുന്നതെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.

ഹിന്ദുക്കൾ വിവാഹത്തിനായി മതം മാറുന്നത് തെറ്റ്: മോഹൻ ഭാഗവത്

ന്യൂഡൽഹി: വിവാഹത്തിനായി ഹിന്ദുക്കൾ മതം മാറുന്നത് തെറ്റാണെന്ന് മോഹൻ ഭാഗവത്. ചില സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടിയാണ് ഇതെന്നും ഹിന്ദു കുടുംബങ്ങൾ അവരുടെ മതത്തിന്റെയും പാരമ്പര്യത്തിന്റെയും അഭിമാനമായ മൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നില്ലെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.

“എങ്ങനെയാണ് മത പരിവർത്തനം സംഭവിക്കുന്നത്? നമ്മുടെ പെൺകുട്ടികളും ആൺകുട്ടികളും മറ്റു മതങ്ങളെ എങ്ങനെ സ്വീകരിക്കുന്നു? വിവാഹം പോലുള്ള ചെറിയ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി. അവർ ചെയ്യുന്നത് തെറ്റാണ് എന്നത് മറ്റൊരു കാര്യം. പക്ഷേ നമ്മൾ അല്ലെ നമ്മുടെ കുട്ടികളെ ഒരുക്കുന്നത്” ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ആർഎസ്എസ് പ്രവർത്തകരും അവരുടെ കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ ഭാഗവത് പറഞ്ഞു.

“നമ്മൾ ഈ മൂല്യങ്ങൾ വീട്ടിൽ നിന്നു തന്നെ നൽകണം. നമ്മളിലും നമ്മുടെ മതത്തിലും അഭിമാനം വളർത്തണം, നമ്മുടെ പ്രാർത്ഥനാ പാരമ്പര്യങ്ങളോടുള്ള ബഹുമാനമുണ്ടാക്കണം. അതിനെക്കുറിച്ച് ചോദ്യങ്ങൾ ഉണ്ടായാൽ അവയ്ക്ക് ഉത്തരം നൽകുക, ആശയക്കുഴപ്പത്തിലാകരുത്,” ഭാഗവത് കൂട്ടിച്ചേർത്തു.

ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങൾ അവർ ഉന്നയിക്കുന്ന “ലൗ ജിഹാദി”നെതിരെ നിയമങ്ങൾ കൊണ്ടുവന്ന സമയത്താണ് മതപരിവർത്തനത്തെക്കുറിച്ചുള്ള ഭാഗവതിന്റെ പ്രസ്താവനയും വരുന്നത്. ആർഎസ്എസിന്റെ സമ്മർദ്ദത്തിലാണ്‌ ഈ നിയമങ്ങൾ കൊണ്ടുവന്നതെന്ന് എന്നാണ് മനസ്സിലാകുന്നത്.

രാജ്യത്തെ കുടുംബ മൂല്യങ്ങളെക്കുറിച്ചും അവ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു. ആർഎസ്എസ് പരിപാടികളിൽ പുരുഷന്മാരെ മാത്രമാണ് കാണുന്നത് എന്ന പ്രശ്‌നവും നേതാവ് ഉന്നയിച്ചു.

“ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുക എന്നതാണ് ആർഎസ്എസിന്റെ ലക്ഷ്യം. പക്ഷേ, പരിപാടികൾ സംഘടിപ്പിക്കുമ്പോൾ നമ്മൾ കാണുന്നത് പുരുഷന്മാരെ മാത്രമാണ്. നമുക്ക് സമൂഹത്തെ മുഴുവൻ സംഘടിപ്പിക്കണമെങ്കിൽ, അതിൽ 50% സ്ത്രീകളുമുണ്ടാകും,”

ഇന്ത്യക്കാർ എപ്പോഴും തങ്ങളുടെ സമ്പത്ത് മറ്റുള്ളവരുമായി പങ്കുവെച്ചിരുന്നവരായിരുന്നുവെന്നും മുഗൾ വംശജർ വരുന്നതുവരെ ഇന്ത്യയ്ക്ക് ധാരാളം സമ്പത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇന്ത്യയെ സ്വർണപ്പക്ഷി എന്ന് വിളിച്ചിരുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ തങ്ങളുടെ കുട്ടികൾ എന്താണ് കാണുന്നതെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ആർഎസ്എസ് നേതാവ് പറഞ്ഞു.

Also Read: ‘വൈദ്യുതി പ്രതിസന്ധിയില്ല;’ ഡൽഹി ഇരുട്ടിലാവുമെന്ന മുന്നറിയിപ്പ് തള്ളി കേന്ദ്ര വൈദ്യുതി മന്ത്രി

“ഒടിടി പ്ലാറ്റ്ഫോമുകൾ എല്ലാത്തരം കാര്യങ്ങളും കാണിക്കുന്നു. നമ്മുടെ കുട്ടികൾക്കും മൂല്യവ്യവസ്ഥയ്ക്കും എന്ത് ഗുണം ചെയ്യും എന്ന കാഴ്ചപ്പാടോടെയല്ല അവ വരുന്നത്. എന്ത് കാണണമെന്നും എന്ത് ചെയ്യരുതെന്നും നമ്മൾ കുട്ടികളെ പഠിപ്പിക്കണം,”

പടിഞ്ഞാറൻ രാജ്യങ്ങൾ ഇന്ത്യൻ കുടുംബ വ്യവസ്ഥയെക്കുറിച്ച് പഠിക്കുകയാണ്. എന്നാൽ ചില ശക്തികൾ മൂല്യങ്ങൾ നശിപ്പിക്കാൻ പ്രവർത്തിക്കുകയാണ്. ഇന്ത്യൻ കുടുംബവ്യവസ്ഥയുടെ സദ്ഗുണങ്ങളെ പ്രകീർത്തിച്ചുകൊണ്ട് ഭാഗവത് പറഞ്ഞു.

“ആളുകളെ അടിമകളാക്കാൻ പടിഞ്ഞാറൻ രാജ്യങ്ങൾ ചൈനയിലേക്ക് ഒപ്പിയം അയച്ചു. യുവാക്കൾ അതിന് അടിമപ്പെട്ടു, തുടർന്ന് അവിടെ ചൈന ഭരിച്ചു. നമ്മുടെ നാട്ടിലും ഇത് സംഭവിക്കുന്നു. മയക്കുമരുന്ന് കേസുകൾ കാണുമ്പോൾ ഈ മരുന്നുകൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയുമ്പോൾ, അത് എന്തുകൊണ്ടാണെന്നും ആർക്കാണ് ഇതിന്റെ പ്രയോജനമെന്നും നിങ്ങൾക്ക് മനസ്സിലാകും,” ആർഎസ്എസ് നേതാവ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Hindus converting for marriage are committing wrong says rss chief