ന്യൂഡല്‍ഹി: ആധുനിക കാലത്തിന് അനുയോജ്യമായ മതമാണ് ഹിന്ദുമതമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ത്തുന്ന ആധുനികലോകത്തിന്റെ ആശങ്കകളെ ഉള്‍ക്കൊളളാന്‍ ഹിന്ദുമതത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ ജവഹര്‍ലാല്‍ നെഹ്റു ഫൗണ്ടേഷനില്‍ നടക്കുന്ന ജയ്പൂര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടെന്ന വസ്തുതയില്‍ ഊന്നുന്നതാണ് ഹിന്ദുമതം. ആധുനിക ലോകത്തിന്റെ സംശയങ്ങളേയും ചോദ്യങ്ങളേയും വിശാലമായ രീതിയില്‍ ഇത് ഉള്‍ക്കൊളളുന്നു. ഋഗ്വേദത്തില്‍ പറയുന്നത് പോലെ, എവിടെ നിന്നാണ് പ്രപഞ്ചം ഉണ്ടായതെന്നും ആരാണ് ഇവയൊക്കെ ഉണ്ടാക്കിയതെന്നും സ്വര്‍ഗത്തിലിരിക്കുന്ന അവന് മാത്രം അറിയാവുന്നത് ആയിരിക്കാം. ചിലപ്പോള്‍ അവന് പോലും അറിയാത്തത് ആയിരിക്കാം’, ശശി തരൂര്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് അസാധാരണമായ വിശാലവീക്ഷണത്തിനാണ് മതം അവസരം ഒരുക്കുന്നത്. ഹിന്ദുമതത്തില്‍ ദൈവം എങ്ങനെ ആണെന്ന് വിവരിക്കുന്നില്ല. അത് ഓരോ വിശ്വാസിയുടേയും ചിന്തയ്ക്ക് അനുസരിച്ച് വരച്ച് വയ്ക്കാം. ഹിന്ദുമതം സ്ത്രീവിരുദ്ധവും പക്ഷപാതപരവുമാണെന്ന് പറയുന്നത് തെറ്റാണ്. ഹിന്ദുമതം എന്നത് ഒരൊറ്റ വിശുദ്ധ ഗ്രന്ഥത്തിന്റെ പിന്ബലത്തിലുളള മതമല്ല. പക്ഷം ഒന്നില്‍കൂടുതല്‍ വിശുദ്ധ ഗ്രന്ഥങ്ങളുണ്ട്. ഒരുപാട് കാര്യങ്ങള്‍ പലതില്‍ നിന്നും നമുക്ക് സ്വീകരിക്കാന്‍ കഴിയും. നമ്മളെന്ത് സ്വീകരിക്കുന്നു എന്നത് നമ്മളെ ബന്ധപ്പെട്ട് കിടക്കുന്നതാണ്. ജാതീയതയും സ്ത്രീവിരുദ്ധതയും ആണ് നമ്മള് തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് മതത്തിന്റെ തെറ്റല്ല, നിങ്ങളുടെ തെറ്റാണ്. ജാതീയത തെറ്റാണെന്ന് പറയുന്ന ഹിന്ദുമത പുസ്തകങ്ങള്‍ വേണമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ച് തരാം’, ശശി തരൂര്‍ പറഞ്ഞു.