ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വാദം തുടരുന്നു. അയോധ്യയിലെ ബാബറി മസ്ജിദിന് മുന്‍പ് അവിടെ ഒരു ഹൈന്ദവ ആരാധനാലയം ഉണ്ടായിരുന്നതായി അഭിഭാഷകന് സുപ്രീം കോടതിയില്‍ വാദിച്ചു. രാം ലല്ലയ്ക്ക് വേണ്ടി അയോധ്യ കേസില്‍ വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകനായ സി.എസ്.വൈദ്യനാഥനാണ് അയോധ്യയില്‍ ബാബറി മസ്ജിദ് നിര്‍മ്മിക്കുന്നതിനു മുന്‍പ് അവിടെ ഹൈന്ദവ ആരാധനാലയം ഉണ്ടായിരുന്നതായി വാദിക്കുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാദം. കണ്ടെത്തിയ ചില തൂണുകള്‍ തല്‍സ്ഥാനത്ത് വലിയ ഒരു കെട്ടിടം നിലനിന്നിരുന്നു എന്ന സൂചനയാണ് നല്‍കുന്നതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സി.എസ്.വൈദ്യനാഥന് കോടതിയെ അറിയിച്ചു.
Read Also: അയോധ്യ: മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു
അയോധ്യയിലെ തര്‍ക്ക പ്രദേശത്ത് നിന്ന് കണ്ടെത്തിയ രൂപങ്ങള്‍ (മുതലകളുടെയും ആമകളുടെയും) മുസ്ലീം നിര്‍മാണ രീതിയ്ക്ക് എതിരാണ്. അതിനാല്‍, തന്നെ മുസ്ലീം പള്ളിയ്ക്ക് മുന്‍പ് അയോധ്യയില്‍ മറ്റൊരു ബഹുനില കെട്ടിടം ഉണ്ടായിരുന്നു. ഇത് ഹൈന്ദവ ആരാധനാലയം ആണെന്നും അഭിഭാഷകന് സുപ്രീം കോടതിയില്‍ വാദിക്കുന്നു.
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്. വാദപ്രതിവാദങ്ങള്‍ എട്ടാം ദിവസത്തിലേക്ക് കടന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.
അയോധ്യ ഭൂമിതർക്ക കേസിൽ മധ്യസ്ഥ ചർച്ചകൾ നടത്താനും വിഷയം പഠിക്കാനും സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുദ്ര വച്ച കവറിലാണ് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമിതി 155 ദിവസം ചര്‍ച്ച നടത്തിയെന്നും കക്ഷികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാന്‍ ചര്‍ച്ചകള്‍ക്കായില്ലെന്നും മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2010 സെപ്റ്റംബര്‍ 30 ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായുള്ള അപ്പീലുകള്‍ സുപ്രീം കോടതി പരിഗണിക്കുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകാനാണ് സാധ്യത
Read Also: ഹിമാചലിൽ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതർ
മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കും വിഷയങ്ങള്‍ പഠിക്കുന്നതിനുമായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. അയോധ്യ കേസ് ഭൂമിതര്‍ക്കം മാത്രമായാണ് കാണുന്നതെന്നും സുപ്രീം കോടതി നേരത്തെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
ജസ്റ്റിസ് എഫ്.എം.ഇബ്രാഹിം ഖലീഫുളള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പഞ്ജു എന്നിവര്‍ അടങ്ങിയതാണ് മധ്യസ്ഥ സമിതി. എട്ട് ആഴ്ചയ്ക്കുള്ളില്‍ കക്ഷികളുമായി സംസാരിച്ച് മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു മാര്‍ച്ച് എട്ടിന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. മധ്യസ്ഥ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.