ന്യൂഡൽഹി: ഹിന്ദു സന്ന്യാസിമാരുടെ സംഘടനയായ അഖില ഭാരതീയ അഖാര പരിഷത് (എബിഎപി) കളളസന്ന്യാസിമാരുടെ പട്ടിക പുറത്തിറക്കി. ബലാത്സംഗ കേസില്‍ തടവിലായ ഗുര്‍മീത് റാം റഹീം അടക്കമുളള ആള്‍ദൈവങ്ങളുടെ പേരില്‍ സ്വാമിമാര്‍ ഒന്നടങ്കം സംശയക്കൂട്ടിലായ സാഹചര്യത്തിലാണ് എബിഎപിയുടെ നടപടി.

ഗുര്‍മീത് റാം റഹീം, ഹരിയാനയിലെ ആള്‍ദൈവം രാംപാല്‍, ആഷാറാം ബാപ്പു, അദ്ദേഹത്തിന്റെ മകന്‍ നാരായണ്‍ സായി എന്നിവര്‍ അടക്കമുളള 14 വ്യാജ സ്വാമിമാരുടെ പേരുകളാണ് പട്ടികയിലുളളത്. ഇത്തരം കപടവേഷധാരികള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരാകണമെന്ന് എബിഎപിയുടെ പ്രസിഡന്റ് സ്വാമി നരേന്ദ്രഗിരി പറഞ്ഞു. നിരവധി പേർ വ്യാജ സന്ന്യാസിമാരായി സമൂഹത്തിലുണ്ട്. ഇത്തരക്കാർ സന്യാസിമാരായി അറിപ്പെടുന്നതിൽ ആശങ്കയുണ്ട്. പുറത്തു വിട്ട പട്ടികയിലുള്ള കള്ളസന്ന്യാസിമാരെ പറ്റി വിശദമായ അന്വേഷണം നടത്തണം, ഇത്തരക്കാര്‍ സന്യാസിമാര്‍ക്കും സ്വാമിമാര്‍ക്കും പേരുദോഷം ഉണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ശക്തമായ നിയമം കൊണ്ടുവരണമെന്ന് സർക്കാരുകളോട് ആവശ്യപ്പെടുമെന്നും സംഘടന വ്യക്തമാക്കി.

അലഹബാദിൽ നടന്ന സന്ന്യാസിമാരുടെ യോഗത്തിലാണ് കള്ളസന്ന്യാസിമാരുടെ പട്ടിക തയ്യാറാക്കിയത്. ദീപാവലിക്ക് ശേഷം മറ്റ് 28 കളളസ്മാമിമാരുടെ പേര് കൂടി പുറത്തുവിടുമെന്ന് സംഘടന വ്യക്തമാക്കി. ഇത്തരക്കാരെ ബഹിഷ്കരിക്കാനും ഇവര്‍ ആഹ്വാനം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook