/indian-express-malayalam/media/media_files/uploads/2017/08/up-accident-cats.jpg)
ലക്നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ പൂരി-ഹരിദ്വാര്‍ ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 23 ജീവനുകളാണ് പൊലിഞ്ഞത്. 100ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇതിനിടെയാണ് തീവണ്ടിയപകടത്തില്‍ നിന്നും തങ്ങളെ രക്ഷിച്ച മുസ്ലിം സഹോദരങ്ങളോട് നന്ദിയറിയിച്ച് മധ്യപ്രദേശിലെ ഒരു സന്യാസി സംഘം രംഗത്തെത്തിയത്. പ്രദേശവാസികളായ മുസ്‌ലിംകളുടെ സമയോചിത ഇടപെടല്‍ മൂലമാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. അവര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ തങ്ങള്‍ മരിച്ചുപോകുമായിരുന്നുവെന്ന് പരുക്കേറ്റ സന്ന്യാസിമാര്‍ പറയുന്നു.
"എന്റെ തല മുമ്പിലെ സീറ്റിന് ശക്തമായി ഇടിച്ചത് എനിക്ക് ഓര്‍മ്മയുണ്ട്. ശക്തമായ ഇടിയില്‍ ഞാന്‍ തെറിച്ചു വീണു. വേദന കൊണ്ട് പുളഞ്ഞു നില്‍ക്കുമ്പോള്‍ നാല് ഭാഗത്ത് നിന്നും നിലവിളികള്‍ കേട്ടു. അപ്പോഴാണ് അവിടെ താമസിച്ചിരുന്ന മുസ്‌ലിം സഹോദരങ്ങള്‍ ഓടിയെത്തിയത്. അവര്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെടുമായിരുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും വിശ്രമിക്കാന്‍ കട്ടിലുകളും നല്‍കി. ഞങ്ങളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെയും എത്തിച്ചു തന്നു.’ സന്യാസി സംഘത്തിലെ ഭഗ്‌വാന്‍ദാസ് മഹാരാജ് പറഞ്ഞു.
മുസ്ലിംങ്ങളും ഹിന്ദുക്കളും തമ്മില്‍ യാതൊരു പ്രശ്നവും ഇല്ലെന്നും സ്നേഹം മാത്രമാണ് നിലവിലുളളതെന്നും ചിലരാണ് എല്ലാം രാഷ്ട്രീയവത്കരിക്കുന്നതെന്നും സംഭവത്തില്‍ മറ്റൊരു സന്ന്യാസി പ്രതികരിച്ചു. ശനിയാഴ്ച്ച വൈകിട്ട് 5.45ഓടെയാണ് അപകടം നടന്നത്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടുക്കം രേഖപ്പെടുത്തി. അന്വേഷണം പ്രഖ്യാപിച്ചതായി റെയില്‍വെ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് 3.5 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും നിസാര പരുക്കുളളവര്‍ക്ക് 25,000 രൂപയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.