ന്യൂഡല്‍ഹി: രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്ന് വഴിതിരിച്ചുവിടാന്‍ ബി ജെ പി സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷം പടര്‍ത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഇതു പ്രധാനമന്ത്രി മോദിയുടേതല്ല, അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണെന്നും അദ്ദേഹം കറുറ്റപ്പെടുത്തി.
ഭാരത് ജോഡോ യാത്ര ചെങ്കോട്ടയില്‍ എത്തിയഷേം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകകയായിരുന്നു രാഹുല്‍ ഗാന്ധി. ഹരിയാനയില്‍നിന്ന് ഇന്നു രാവിലെയാണു യാത്ര ഡല്‍ഹി അതിര്‍ത്തിയിലെത്തിയത്.
ആര്‍ എസ് എസിന്റെയും ബിജെപിയുടെയും വിദ്വേഷ പ്രസ്താവനയില്‍നിന്നു വ്യത്യസ്തമായി ആളുകള്‍ പരസ്പരം സഹായിക്കുന്ന ‘യഥാര്‍ഥ ഹിന്ദുസ്ഥാനു’ വേണ്ടിയാണു യാത്രയെന്നു രാഹുല്‍ രാവിലെ പറഞ്ഞിരുന്നു.
”ഈ യാത്രയില്‍ നഫ്രതൊന്നുമില്ല. ആരെങ്കിലും വീണാല്‍ എല്ലാവരും അവരെ സഹായിക്കുന്നു. ഇതാണു യഥാര്‍ത്ഥ ഹിന്ദുസ്ഥാന്‍, മറിച്ച് ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വിദ്വേഷം നിറഞ്ഞ ഹിന്ദുസ്ഥാനല്ല,” ഡല്‍ഹി അതിര്‍ത്തിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഗാന്ധി പറഞ്ഞു. റാലിക്കു സ്നേഹവും പിന്തുണയും നല്‍കിയ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നു രാവിലെ യാത്രക്കൊപ്പം ചേര്‍ന്നിയിരുന്നു. നടനും മക്കള്‍ നീതി മയ്യം (എം എന്‍ എം) അധ്യക്ഷനുമായ കമല്‍ ഹാസന്‍ ഉച്ചയ്ക്കുശേഷം ഐ ടി ഒ പരിസരത്തുവച്ച് യാത്രയുടെ ഭാഗമായി.
”ഞാന്‍ എന്തിനാണ് ഇവിടെ വന്നതെന്നു പലരും എന്നോട് ചോദിച്ചു. ഒരു ഇന്ത്യക്കാരനെന്ന നിലയിലാണ് ഞാന്‍ ഇവടെ നില്‍ക്കുന്നത്. എന്റെ അച്ഛന്‍ കോണ്‍ഗ്രസുകാരനായിരുന്നു. എനിക്കു വ്യത്യസ്ത ചിന്താഗതികളുണ്ടായിരുന്നു. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാ പാര്‍ട്ടി ലൈനുകളും അവ്യക്തമാകേണ്ടിവരും. ആ ലൈന്‍ അവ്യക്തമാക്കിയിട്ടാണ് ഞാന്‍ എത്തിയിരിക്കുന്നത്,” ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്ര രാജ്യത്തിനു വേണ്ടിയുള്ളതാണെന്നും പാര്‍ട്ടികള്‍ക്കതീതമാണെന്നും വെള്ളിയാഴ്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞ കമല്‍ഹാസന്‍ പാര്‍ട്ടി ചേരാന്‍ അഭ്യര്‍ഥിച്ചിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയിലല്ല, സഹപൗരനെന്ന നിലയിലാണു ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി തനിക്കു കത്തെഴുതിയതെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ഹരിയാനയില്‍നിന്ന് എത്തിയ യാത്ര ഇന്ന് ബദര്‍പൂര്‍ അതിര്‍ത്തി വഴിയാണു ഡല്‍ഹിയിലേക്കു പ്രവേശിച്ചത്. തുടര്‍ന്ന് നിസാമുദ്ദീന്‍, ഇന്ത്യാ ഗേറ്റ്, ഐടിഒ, ഡല്‍ഹി ഗേറ്റ്, ദര്യഗഞ്ച് എന്നിവ വഴി 23 കിലോ മീറ്ററോളം സഞ്ചരിച്ചാണു ചെങ്കോട്ടയില്‍ സമാപിച്ചത്. യാത്ര ഇന്നു നഗരത്തില്‍ പ്രവേശിച്ചതോടെ തെക്കുകിഴക്കന്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. യാത്ര ബാധിക്കാന്‍ സാധ്യതയുള്ള റൂട്ടുകളെക്കുറിച്ച് യാത്രക്കാര്‍ക്കു ട്രാഫിക് പൊലീസ് വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒന്‍പതു ദിവസത്തേക്കു നിര്‍ത്തിവയ്ക്കു യാത്ര ജനുവരി മൂന്നിനു പുനരാരംഭിക്കും.