ഭോപ്പാൽ: മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറി തുടങ്ങി ഹിന്ദു മഹാസഭ. ഗോഡ്‌സെ ജ്ഞാന്‍ ശാല എന്ന് പേരിട്ടിരിക്കുന്ന ഒരു ലൈബ്രറി ഗ്വാളിയാറിലെ ഹിന്ദുമഹാസഭയുടെ ഓഫീസില്‍ തന്നെയാണ് ആരംഭിച്ചിരിക്കുന്നത്. ഗോഡ്സെയുടെ ജീവിതത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടിയാണ് ലൈബ്രറി സമർപ്പിക്കുന്നതെന്നാണ് ഹിന്ദു മഹാസഭയുടെ വാദം.

ദൌലത് ഗഞ്ചിലെ മഹാസഭയുടെ ഓഫീസിലാണ് ഗോഡ്സെ ജ്ഞാന്‍ ശാല ഉദ്ഘാടനം ചെയ്തത്. മഹാത്മാഗാന്ധിയുടെ വധത്തെ ഗോഡ്സെ എങ്ങനെ ആസൂത്രണം ചെയ്തു, അദ്ദേഹത്തിന്റെ ലേഖനങ്ങൾ, പ്രസംഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്ഗേവാര്‍, മദന്‍ മോഹന്‍ മാളവ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ട്. നാരായണ്‍ ആപ്തെയുടെ ചിത്രവും ഗോഡ്സെയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

“ഗോഡ്‌സെയായിരുന്നു യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി നിര്‍മ്മിച്ചത്. ഗോഡ്‌സെ നിലകൊണ്ടതും മരിച്ചതും ഇന്ത്യാ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണ്. അജ്ഞരായ ഇന്നത്തെ യുവാക്കളിൽ, ഗോഡ്സെ നിലകൊണ്ട രാജ്യസ്നേഹത്തെ കുറിച്ചുള്ള അറിവ് പാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ലൈബ്രറി അവതരിപ്പിക്കുന്നത്,” ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു.

ഗാന്ധിയെ വധിക്കാൻ ഗോഡ്സെ ആസൂത്രണം ചെയ്തതും അതിനായി തോക്കുവാങ്ങിച്ചതും ഗ്വാളിയാറിൽ വച്ചായിരുന്നു. മുമ്പ്, ഗോഡ്സെയ്ക്കായി സമർപ്പിച്ച ഒരു ക്ഷേത്രം മഹാസഭ ഗ്വാളിയർ ഓഫീസിൽ സ്ഥാപിച്ചിരുന്നു. കോൺഗ്രസിന്റെ പ്രതിഷേധത്തെ തുടർന്നാണ് ഇത് നീക്കം ചെയ്തത്.

രാജ്യം ഭരിക്കാനുള്ള ആഗ്രഹം നിറവേറ്റാന്‍ വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും മുഹമ്മദലി ജിന്നയുടേയും ആവശ്യപ്രകാരമാണ് ഇന്ത്യാ വിഭജനമുണ്ടായതെന്നും ഭരദ്വാജ് പറഞ്ഞു.

വായനശാലയില്‍ പുസ്തകങ്ങളുടെ അനാവരണം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23ന് നടക്കും.

അതേസമയം, ഇന്ത്യ വിഭജനം മഹാത്മാഗാന്ധി ചെയ്ത തെറ്റാണെന്ന് ഇടക്കാല സ്പീക്കർ രമേശ്വർ ശർമ ഞായറാഴ്ച വിമർശിച്ചു. “ഇന്ത്യയെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്നതിൽ മുഹമ്മദ് അലി ജിന്ന വിജയിച്ചത് മഹാത്മാഗാന്ധിയുടെ തെറ്റാണ്,” അദ്ദേഹം ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook