അലിഗഡ്: ഗാന്ധിജിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിവച്ച് ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ഷാകൂന്‍ പാണ്ഡെ. ഗാന്ധിജിയുടെ ചരമദിനത്തില്‍ രാജ്യമെങ്ങും രക്തസാക്ഷി ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദു മഹാസഭ ഇത്തരത്തില്‍ പ്രതിഷേധിച്ചത്. ഗാന്ധിവധം ആഘോഷിക്കാനായി നാഥൂറാം ഗോഡ്സെയുടെ പ്രതിമയില്‍ ഹിന്ദു മഹാസഭ നേതാവ് മാല ചാര്‍ത്തുകയും ചെയ്തു.

1948ല്‍ ഗോഡ്സെയാണ് ഗാന്ധിയെ വെടിവച്ച് കൊന്നത്. രക്താസാക്ഷിദിനത്തില്‍ പാണ്ഡെ മധുരം വിതരണം ചെയ്യുകയും ചെയ്തു. ‘ശൗര്യ ദിവാസ്’ എന്ന പേരിലാണ് രക്തസാക്ഷിദിനം ഹിന്ദു മഹാസഭ ആചരിക്കുന്നത്. നേരത്തെയും ഇവര്‍ മധുരം വിതരണം ചെയ്തും ഗോഡ്സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തിയും വിദ്വേഷം പരത്തിയിട്ടുണ്ട്.

പാണ്ഡെ വെടിവയ്ക്കുമ്പോള്‍ രക്തവും ഗാന്ധിജിയുടെ കോലത്തില്‍ നിന്നും ഒഴുകുന്നുണ്ട്. ഇതിന്റെ വീഡിയോ ഹിന്ദു മഹാസഭ തന്നെ പുറത്തുവിട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വ്യക്തിയായി രാജ്യം ഗാന്ധിജിയെ കാണുമ്പോള്‍ ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook