ന്യൂഡല്‍ഹി: രാജസ്ഥാന്‍ സ്വദേശികളായ നസീറിനെയും ജുനൈദിനെയും കൊലപ്പെടുത്തി. കേസിലെ പ്രതിയായ ബജ്‌റംഗ് ദള്‍ നേതാവ് മോനു മനേസറിനെ പരസ്യമായി പിന്തുണച്ച് ഹിന്ദു മഹാപഞ്ചായത്ത്. ബജ്‌റംഗ് ദള്‍ അംഗവും ഹരിയാന സര്‍ക്കാരിന്റെ ഗോസംരക്ഷണ ടാസ്‌ക് ഫോഴ്സിന്റെ മുഖവുമായ മോനു മനേസറിനെ ഗുഡ്ഗാവില്‍ അറസ്റ്റ് ചെയ്തതിനെതിരെ മഹാപഞ്ചായത്തില്‍ രാജസ്ഥാന്‍ പൊലീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു.
മോനു മനേസറിനെതിരായ നടപടി ഗോ രക്ഷകര്‍ക്കെതിരായ ഗൂഢാലോചനയാണെന്നാണ് വിമര്‍ശനമുയര്‍ന്നത്. കാലിക്കടത്ത് ആരോപിച്ചായിരുന്നു യുവാക്കളുടെ കൊലപാതകം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
രാജസ്ഥാന്‍ പൊലീസ് സംഘം മനേസറിലെ മോനുവിന്റെ വസതിയില്‍ റെയ്ഡ് നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ നിരവധി പഞ്ചായത്തംഗങ്ങള്‍ ഡല്‍ഹി-ഗുഡ്ഗാവ് ദേശീയ പാതയുടെ ഇരുവശവും ഏതാനും മിനിറ്റുകളോളം തടഞ്ഞു. പൊലീസും പഞ്ചായത്ത് അംഗങ്ങളും ഇടപെട്ട് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
കാലിക്കടത്തും മാഫിയ ബന്ധങ്ങളും തകര്‍ത്തതിനാലാണ് മോനുവിനെതിരെ തെറ്റായ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പഞ്ചായത്ത് സംഘാടകരിലൊരാളായ കുല്‍ഭൂഷണ്‍ ഭരദ്വാജ് പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. യാതൊരു തെളിവുമില്ലാതെയാണ് കേസെടുത്തിരിക്കുന്നത്. സംഭവസമയത്ത് മോനു ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു, ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇയാള്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം. രാജസ്ഥാന്‍ പൊലീസ് നിയമവിരുദ്ധ റെയ്ഡുകളിലൂടെ ഗോ സംരക്ഷകരെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘മോനുവിനെ അറസ്റ്റ് ചെയ്യാന്‍ രാജസ്ഥാന്‍ പൊലീസ് മനേസറില്‍ കാലുകുത്തിയാല്‍, അവര്‍ അതേ കാലില്‍ മടങ്ങിവരില്ല. മോനുവിനെ അറസ്റ്റ് ചെയ്താല്‍ ഞങ്ങള്‍ ഹൈവേ ഉപരോധിക്കും. ഞങ്ങളെ കൂട്ടത്തോടെ അറസ്റ്റ് വരിക്കുമെന്നും ജയിലുകള്‍ നിറയ്ക്കുമെന്നും പട്ടൗഡിയില്‍ നിന്നുള്ള ഗോരക്ഷാ ദള്‍ അംഗം നീലം പറഞ്ഞു.
ഗോരക്ഷകരുടെ ആയുധ ലൈസന്‍സ് റദ്ദാക്കരുതെന്നും വിജിലന്‍സിന് സുരക്ഷ നല്‍കണമെന്നും മനേസറില്‍ നിന്നുള്ള ഓം പ്രകാശ് ആവശ്യപ്പെട്ടു. ”തങ്ങളുടെ കഴിവുകേടുകള്‍ മറച്ചുവയ്ക്കാന്‍, സര്‍ക്കാരും പൊലീസും ആദ്യം ഈ ആയുധ ലൈസന്‍സ് ഗോ രക്ഷകര്‍ക്ക് നല്‍കി. ഇന്ന് വിജിലന്‍സ് ഹിന്ദു മതത്തെയും ഗോമാതാവിനെയും സംരക്ഷിക്കുകയാണ്. ഈ സമയത്ത്, കാലക്കടത്തുകാരുടെ ഈ അവിശുദ്ധ കൂട്ടുകെട്ട് നമ്മെ ലക്ഷ്യം വയ്ക്കുമ്പോള്‍, ഗോ രക്ഷകരുടെ ആയുധ ലൈസന്‍സ് റദ്ദാക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുന്നു. ഇതു വളരെ തെറ്റാണ്,” അദ്ദേഹം പറഞ്ഞു.