ലക്നൗ: ക്രിസ്‌മസ് ആഘോഷങ്ങളിൽ ഹൈന്ദവ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് സംഘപരിവാർ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ചിന്റെ മുന്നറിയിപ്പ്. ഹിന്ദു വിദ്യാർഥികളെ ക്രിസ്‌മസ് ആഘോഷങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും, ഈ ആഘോഷങ്ങൾക്കായി കുട്ടികളിൽ നിന്ന് പണം പിരിക്കരുതെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ഉത്തർപ്രദേശിലെ സ്വകാര്യ സ്ക്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി.

ഇത്തരത്തിലുള്ള ആഘോഷങ്ങളിലൂടെ ക്രിസ്ത്യൻ മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനായാണ് ഈ മുന്നറിയിപ്പെന്നാണ് സംഘടന പ്രവർത്തകരുടെ വിശദീകരണം. മുന്നറിയിപ്പ് അവഗണിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഹിന്ദു ജാഗരൺ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ക്രിസ്‌മസ് ആഘോഷിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും ഹിന്ദുക്കളിൽ നിന്ന് നിർബന്ധിച്ച് പിരിവ് വാങ്ങരുതെന്നാണ് ഞങ്ങളുടെ ആവശ്യം. ഇക്കാര്യം സ്കൂളുകളിലെ പ്രധാന അധ്യാപകനേയും മാനേജ്മെന്റിനേയും വാക്കാലും കത്തിലൂടെയും അറിയിച്ചിട്ടുണ്ട്. ജില്ലാ യൂണിറ്റുകളോട് ഇങ്ങനെ പരിപാടികൾ നടത്തുന്ന സ്കൂളുകളുടെ കണക്ക് തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിന്ദു ജാഗരൺ മഞ്ച് സംസ്ഥാന അധ്യക്ഷൻ വിജയ് ബഹദൂർ പറഞ്ഞു.

സ്കൂളുകളിലെ ഭൂരിഭാഗം കുട്ടികളും ഹിന്ദുക്കളാണെന്നും ഇവരിൽ നിന്ന് പണം പിരിച്ച് മാനേജ്മെന്റ് കൊള്ള ലാഭം ഉണ്ടാക്കുകയാണെന്നും വിജയ് ബഹദൂർ ആരോപിച്ചു. മതപരിവർത്തനം നടത്താനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഇത് തടയുമെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ ഇത്തരത്തിലൊരു ഭീഷണി ഉള്ളതായി തങ്ങൾക്ക് അറിയില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രതികരിച്ചു. ആഭ്യന്തര സെക്രട്ടറി അരവിന്ദ് കുമാറാണ് ഈ ഭീഷണി സംബന്ധിച്ച് തങ്ങൾക്ക് യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ