ബെംഗളൂരു: ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് കർണാടകയിൽ ക്രിസ്‌തു പ്രതിമ നീക്കം ചെയ്‌തു. ദേവനഹള്ളിയിലാണ് വിവാദ സംഭവം. പ്രതിമ സ്ഥാപിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലാണെന്ന് ഹിന്ദുത്വ സംഘടനകൾ ആരോപിച്ചിരുന്നു. നാല് ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്‌തിരുന്ന ക്രിസ്‌തു പ്രതിമയും പതിനാല് കുരിശുകളുമാണ് ഹെെന്ദവ സംഘടനകളുടെ പരാതിയെ തുടർന്ന് നീക്കം ചെയ്‌തത്.

സർക്കാർ ഭൂമി കയ്യേറി എന്നതിനൊപ്പം അവിടെ മതപരിവർത്തനം നടത്തുന്നതായും ഹെെന്ദവ സംഘടനകൾ ആരോപിച്ചിരുന്നു. ബജ്‌റംഗ് ദൾ, ഹിന്ദു രക്ഷണ വേദിക് എന്നീ സംഘടനകളാണ് ക്രിസ്‌തു പ്രതിമക്കെതിരെ രംഗത്തെത്തിയത്. മതപരിവർത്തനത്തിനെതിരെ ഇവർ പരാതി നൽകിയിരുന്നു. എന്നാൽ, ആരോപണങ്ങളെയെല്ലാം പള്ളി അധികാരികൾ തള്ളി. പള്ളിയോട് ചേർന്നു ഒരു സെമിത്തേരിയും ചെറിയൊരു പ്രാർത്ഥനാലയവുമാണ് സ്ഥിതി ചെയ്യുന്നതെന്ന് അവർ വ്യക്തമാക്കി.

Read Also: സ്റ്റഡിയിൽ തുടരുന്നു; പിടിയിലാകാൻ കാരണം ആനമണ്ടത്തരം

ഗ്രാമത്തിലെ ഹിന്ദുക്കളെ മതം മാറ്റുന്നതായി ബജ്‌റംഗ് ദൾ ആരോപിച്ചു. 20 വർഷമായി തങ്ങളിവിടെ പ്രാർത്ഥനകൾ നടത്തുന്നതായും മുൻപ് ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ തങ്ങൾക്ക് നൽകിയ സ്ഥലമാണിതെന്നും ഫാ.മാത്യു കോട്ടയിൽ ടെലഗ്രാഫിനോട് പറഞ്ഞു. മതപരിവർത്തനം നടക്കുന്നുണ്ടെന്ന ആരോപണങ്ങളെയും പള്ളി അധികാരികൾ തള്ളി കളഞ്ഞു.

പള്ളിയിൽ വരുന്ന ക്രെെസ്‌തവ വിശ്വാസികൾക്കായി പ്രാർത്ഥനകൾ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഫാ.മാത്യു പറഞ്ഞു. യാതൊരു നിർദേശവും നൽകാതെയാണ് ക്രിസ്‌തു പ്രതിമ പൊളിച്ചുനീക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook