Latest News

സംഘപരിവാര്‍ പുതിയ സംഘര്‍ഷവേദി തുറക്കുന്നു; അമിത് ഷായ്‌ക്കെതിരെ പിണറായി

രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Pinarayi Vijayan and Amit Shah

തിരുവനന്തപുരം: ഹിന്ദി ഭാഷാ വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്‌ക്കെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടും ഹിന്ദി അജണ്ടയില്‍ നിന്ന് പിന്മാറാന്‍ അമിത് ഷാ തയ്യാറാകാത്തത് ഭാഷയുടെ പേരില്‍ സംഘപരിവാര്‍ പുതിയ സംഘര്‍ഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് പിണറായി കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയന്‍ അമിത് ഷായെ കുറ്റപ്പെടുത്തിയത്.

രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്ന് പിണറായി വിജയൻ പറഞ്ഞു. ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണ് അമിത് ഷാ നടത്തിയിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Read Also: Horoscope of the week (Sept 15-Sept 21, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് താൻ ഇന്ത്യക്കാരനല്ലെന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. രാജ്യവും ജനങ്ങളും നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ടെന്ന് സംഘപരിവാർ മനസിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

ഹിന്ദി ഭാഷാ വാദത്തിൽ അമിത് ഷായെ തള്ളി ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, അസദുദീൻ ഒവൈസി, സിദ്ധരാമയ്യ എന്നിവർ നേരത്തെ രംഗത്തെത്തിയിരുന്നു.  അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന് എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു.  ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന നടപടിക്കെതിരെ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ് ഞങ്ങള്‍. ഇന്ന് അമിത് ഷാ നടത്തിയ പ്രസ്താവന രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതാണ്. ഹിന്ദി ദിവസില്‍ അമിത് ഷാ നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷാ നടത്തിയ പ്രസ്താവന ഗൗരവമായി കണ്ട് ഡിഎംകെ പരിഗണിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read Also: ഒരു രാജ്യം, ഒരു ഭാഷ; അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന് സ്റ്റാലിന്‍, വിമര്‍ശിച്ച് ഒവൈസിയും

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി. ഹിന്ദി ദിനാചരണത്തെ എതിർക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു.

അമിത് ഷായ്ക്ക് മറുപടിയുമായി അസദുദീൻ ഒവൈസിയും രംഗത്തെത്തി. എല്ലാ ഇന്ത്യക്കാരുടെയും മാതൃഭാഷ ഹിന്ദിയില്ല. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വത്തെ അംഗീകരിക്കാൻ നിങ്ങൾക്ക് സാധിക്കുമോയെന്ന് ഒവൈസി അമിത് ഷായോട് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. ഭരണഘടനയിലെ അനുച്ഛേദം 29 ഏതൊരു പൗരനും ഭാഷയും സംസ്കാരവും ഉറപ്പു നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിച്ചേർത്തു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വ എന്നീ ആശയങ്ങളേക്കാൾ മുകളിലാണ് ഇന്ത്യ എന്നും ഒവൈസി ട്വിറ്ററിൽ പറഞ്ഞിട്ടുണ്ട്.

Read Also: സ്വന്തം താല്‍പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നു; കേന്ദ്രത്തിനെതിരെ തോമസ് ഐസക്

ഒരു രാജ്യം, ഒരു ഭാഷ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് ആഘോഷത്തിൽ സംസാരിച്ചത്. രാജ്യത്തെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അമിത് ഷാ സംസാരിച്ചു. ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ഭാഷ വേണമെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദി ദിവസമായ ഇന്ന് അമിത് ഷാ ഹിന്ദിയുടെ പ്രധാന്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. കൂടുതലായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

“ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കും. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഒരുപാട് ഭാഷകള്‍ സംസാരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുമെങ്കില്‍ അത് ഹിന്ദിക്കാണ്.” അമിത് ഷാ ട്വീറ്റ് ചെയ്തു.

മഹാത്മ ഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ സ്വപ്‌നമാണ് ഹിന്ദി ഭാഷയുടെ പ്രാധാന്യം രാജ്യത്ത് വര്‍ധിപ്പിക്കുക എന്നതെന്നും അമിത് ഷാ ട്വിറ്ററില്‍ പറഞ്ഞു. “രാജ്യത്തെ എല്ലാ ജനങ്ങളും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും നന്നായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അത് ബാപ്പുജിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു തുല്യമാണ്” ഷാ ട്വീറ്റ് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Hindi language controversy pinarayi vijayan slams amit shah sangh propaganda

Next Story
ഹിന്ദി അടിച്ചേല്‍പ്പിക്കുകയല്ല, സാമ്പത്തിക മാന്ദ്യമാണ് ചര്‍ച്ച ചെയ്യേണ്ടത്; അമിത് ഷായോട് പാ രഞ്ജിത്ത്Pa Ranjith, പാ രഞ്ജിത്ത്,Amit Shah, അമിത് ഷാ, MK Stalin, എംകെ സ്റ്റാലിൻ, DMK, സിഎംകെ, Hindi , ഹിന്ദി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com