ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എൽഐസി) ഓഹരികളുടെ വിപണി മൂല്യം ആദ്യമായി അതിന്റെ വാങ്ങൽ മൂല്യത്തിന് താഴെയായി. അദാനി ഗ്രൂപ്പിന്റെ അഞ്ച് വൻകിട കമ്പനികളില്‍ നിക്ഷേപമുള്ള സ്ഥാപനം കൂടിയാണ് എല്‍ഐസി.
ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളിലെ (അംബുജ സിമന്റ്‌സും എസിസിയും ഒഴികെ) എൽഐസിയുടെ വിപണി മൂല്യം 26,861.9 കോടി രൂപയായിരുന്നു. ഇത് അതിന്റെ വാങ്ങൽ മൂല്യമായ 30,127 കോടി രൂപയേക്കാൾ 11 ശതമാനം കുറവാണ്.
ആഭ്യന്തര സ്ഥാപനങ്ങള്‍ പരിഗണിച്ചാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് എൽഐസി. 2022 ഡിസംബറിലെ കണക്കുകള്‍ പ്രകാരം അദാനി പോർട്ട്സിൽ 9.14 ശതമാനവും അദാനി ടോട്ടൽ ഗ്യാസിൽ 5.96 ശതമാനവും അദാനി എന്റർപ്രൈസസിൽ 4.23 ശതമാനവും അദാനി ട്രാൻസ്മിഷനിൽ 3.65 ശതമാനവും അദാനി ഗ്രീൻ എനർജിയിൽ 1.28 ശതമാനവും ഓഹരിയാണ് എല്‍ഐസിക്കുള്ളത്.

മ്യൂച്വൽ ഫണ്ടുകളില്‍ തിരിച്ചടികള്‍ ഉണ്ടായപ്പോഴും, 2022 ഡിസംബർ വരെ കഴിഞ്ഞ ഒമ്പത് പാദങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറർ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ തുടർച്ചയായി നേടിയിട്ടുണ്ട്. 2020 സെപ്റ്റംബർ മുതൽ, ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളിൽ നാലെണ്ണത്തിലും എൽഐസി അതിന്റെ നിക്ഷേപം കുത്തനെ വര്‍ധിപ്പിച്ചു.
അമേരിക്ക ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത് മുതൽ കഴിഞ്ഞ ഒരു മാസമായി കമ്പനികള്‍ വിപണിയില്‍ തിരിച്ചടി നേരിടുകയാണ്.
റിപ്പോർട്ട് പുറത്തുവരുന്നതിന് ഒരു ദിവസം മുന്‍പ്, ഒന്‍പത് അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂലധനം 19.18 ലക്ഷം കോടി രൂപയായിരുന്നു. വ്യാഴാഴ്ച ഇത് 7,36,671 കോടി രൂപയായി കുറഞ്ഞു. 61 ശതമാനം ഇടിവാണ് സംഭവിച്ചത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പ്രതിപക്ഷം വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തള്ളുന്ന വിധമായിരുന്നു കേന്ദ്രത്തിന്റെ മറുപടികള്‍.
ജനുവരി 27-ാം തീയതി അദാനി ഗ്രൂപ്പ് കമ്പനികളിലെ വാങ്ങല്‍ മൂല്യം 30,127 കോടിയാണെന്നും, ഇതേ ദിവസം എല്‍ഐസി ഓഹരികളുടെ വിപണി മൂല്യം 56,142 കോടി രൂപയാണെന്നുമായിരുന്നു വിശദീകരണം.
സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ കാണിക്കുന്നത് ജനുവരി 27 ന്, എൽഐസിക്ക് ഒരു ശതമാനത്തിലധികം ഓഹരിയുള്ള അഞ്ച് അദാനി ഗ്രൂപ്പ് കമ്പനികളുടെ (എസിസി, അംബുജ സിമന്റ്സ് ഒഴികെ) വിപണി മൂല്യം 55,565 കോടി രൂപയായിരുന്നു. എൽഐസിയുടെ സ്വന്തം എസ്റ്റിമേറ്റായ 56,142 കോടിയും ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എസ്റ്റിമേറ്റ് 55,565 കോടിയും തമ്മിലുള്ള വ്യത്യാസം അദാനി പവറിന്റെയും അദാനി വിൽമറിന്റെയും ഒരു ശതമാനത്തിൽ താഴെയുള്ള നിക്ഷേപം മൂലമാകാം. ഒരു ശതമാനത്തിൽ താഴെ ഓഹരിയുള്ള നിക്ഷേപകരെ കമ്പനികൾ വെളിപ്പെടുത്തേണ്ടതില്ല.