ന്യൂഡല്‍ഹി: അസമിലെ പതിനഞ്ചാമത്തെ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. അന്‍പത്തി രണ്ടുകാരനായ ശര്‍മ, സര്‍ബാനന്ദ സോനോവാളിന്റെ പിന്‍ഗാമിയായാണു മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
അസമിനെ അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിലെ മികച്ച അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാക്കുകയാണ് ലക്ഷ്യമെന്നു ഹിമന്ത സത്യപ്രതിജ്ഞയ്ക്കുശേഷം പറഞ്ഞു. അക്രമം ഉപേക്ഷിക്കാൻ ഉൾഫ (ഐ)യോട് അഭ്യർഥിച്ച ഹിമന്ത സംഘനടാ നേതാവ് പരേഷ് ബറുവയെ ചർച്ചയ്ക്കു ക്ഷണിച്ചു.
കഴിഞ്ഞ ബിജെപി സര്‍ക്കാരില്‍ ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകള്‍ ശര്‍മ കൈകാര്യം ചെയ്തിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ നേതാവായി ശര്‍മയെ ഞായറാഴ്ച തിരഞ്ഞെടുത്തിരുന്നു. വിദ്യാര്‍ഥിജീവിതം മുതല്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന ശര്‍മയ്ക്ക് കോണ്‍ഗ്രസുമായി 20 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു.
126 അംഗ അസം നിയമസഭയില്‍ 75 സീറ്റ് സീറ്റ് നേടിയാണ് ബിജെപി തുടര്‍ ഭരണത്തിലെത്തിയത്. കോണ്‍ഗ്രസ് സഖ്യത്തിന് 50 സീറ്റാണുള്ളത്. ശേഷിക്കുന്ന സീറ്റില്‍ ജയിലില്‍ കഴിയുന്ന ആക്ടിവിസ്റ്റ് അഖില്‍ ഗോഗോയ്ക്കാണു വിജയം.
അതിനിടെ, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 43 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കൊല്‍ക്കത്തയിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന്റെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

രാവിലെ 10:45 ന് ആരംഭിച്ച ചടങ്ങ് കോവിഡ് സാഹചര്യത്തില്‍ വളരെ മിതത്വം പാലിച്ചാണു നടത്തിയത്. ചില അംഗങ്ങള്‍ ഓണ്‍ലൈനായാണു സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തു.
Also Read: കോവിഡ് രണ്ടാം തരംഗത്തില്‍ വിറച്ച് ഗ്രാമീണ ഇന്ത്യ; കേസുകളും മരണവും നാലിരട്ടി
സത്യപ്രതിജ്ഞ ചെയ്ത 43 പേരില്‍ 24 പേരാണ് മുഴുവന്‍ ചുമതലയുള്ള മന്ത്രിമാര്‍. 19 പേര്‍ സഹമന്ത്രിമാരും 10 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരുമാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി, ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വിമര്‍ശകന്‍ അഖില്‍ ഗിരി, മുതിര്‍ന്ന നേതാവ് ബിപ്ലബ് മിത്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹുമയൂണ്‍ കബീര്‍ എന്നിവര്‍ പുതിയ സര്‍ക്കാരിലെ 16 പുതിയ മുഖങ്ങളിലെ പ്രധാനികളാണ്.
അതേസമയം, കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന തപസ് റോയ്, നിര്‍മല്‍ മാജി, ആശിഷ് ബന്ദ്യോപാധ്യായ എന്നിവര്‍ക്കു പുതിയ സര്‍ക്കാരില്‍ ഇെടം കണ്ടെത്താന്‍ കഴിഞ്ഞില്ല. മേയ് ആറിനാണു മമത ബാനര്‍ജി മൂന്നാം വട്ടം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.