ഷിംല: ലഹരിവിരുദ്ധ പ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കാനും പ്രദേശത്തെ മയക്കുമരുന്ന് ഉപയോഗം തടയാനും ഹിമാചല്‍പ്രദേശില്‍ സ്ത്രീകള്‍ രംഗത്ത്. ഷിംലയിലെ രാംപൂരില്‍ പ്രദേശത്ത് വളരുന്ന കഞ്ചാവ്ചെടികള്‍ നശിപ്പിക്കാന്‍ നിരവധി സ്ത്രീകളാണ് സംഘടിച്ചത്. രാംപൂരില്‍ യുവാക്കള്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപയോഗം കൂടിയതിനെ തുടര്‍ന്നാണ് പുതിയ പ്രചരണപരിപാടികളുമായി സ്ത്രീകള്‍ രംഗത്തെത്തിയത്.
നിരവധി യുവാക്കളാണ് രാംപൂരില്‍ കഞ്ചാവിന് അടിമകളായി ജീവിതം നശിപ്പിക്കുന്നതെന്ന് പ്രദേശവാസിയായ കാന്താ ദേവി എഎന്‍ഐയോട് പറഞ്ഞു. താന്‍ താമസിക്കുന്ന പ്രദേശത്ത് ഇനി കഞ്ചാവ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അവര്‍ വ്യക്തമാക്കുന്നു. ഇതിനകം പ്രദേശത്ത് നിന്നും നൂറുകണക്കിന് കഞ്ചാവ് ചെടികള്‍ നശിപ്പിച്ചതായി ഇവര്‍ പറഞ്ഞു.
ഹിമാചല്‍പ്രദേശിലെ ഗ്രാമപ്രദേശങ്ങളില്‍ വലിയ തോതിലാണ് കഞ്ചാവിന്റെ ഉപയോഗം യുവാക്കളെ വഴി തെറ്റിക്കുന്നതെന്ന് മറ്റൊരു പ്രദേശവാസിയായ മീനാ കുമാരി പറയുന്നു. ഒളിഞ്ഞും തെളിഞ്ഞും കഞ്ചാവ് കൃഷി പ്രദേശത്ത് നടക്കുന്നുണ്ട്. ഇതിനെതിരെ സര്‍ക്കാരിന ഫലപ്രദമായ ഒന്നും തന്നെ ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് സ്ത്രീകള്‍ രംഗത്തിറങ്ങിയതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
ഹിമാചലിലെ കുളുവിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് കൃഷി നടക്കുന്നത്. മലാനയിലും കസോളിലും ചാമ്പയിലും ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കഞ്ചാവ് കുളുവില്‍ കൃഷിയില്‍ ചെയ്യുന്നുണ്ട്.
ഹിമാചല്‍പ്രദേശില്‍ കൃഷി ചെയ്യുന്ന 60 ശതമാനത്തിലധികം കഞ്ചാവും കറുപ്പും ഇസ്രയേല്‍, ഇറ്റലി. ഹോളണ്ട്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് ഒളിച്ചുകടത്തപ്പെടുന്നത്. മാത്രമല്ല അയല്‍രാജ്യമായ നേപ്പാളിലേക്കും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങായ ഗോവ, പഞ്ചാബ്, ഡെല്‍ഹി എന്നിവിടങ്ങളിലേക്കും ഹിമാചല്‍പ്രദേശില്‍ നിന്ന് കഞ്ചാവ് എത്തുന്നുണ്ട്.