scorecardresearch

ഹിമാചലില്‍ പോളിങ് 65.92 ശതമാനം; വോട്ടെണ്ണൽ ഡിസംബർ എട്ടിന്

കഴിഞ്ഞ മാസം ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണയാണ് ഹിമാചല്‍ സന്ദര്‍ശിച്ചത്

ഹിമാചലില്‍ പോളിങ് 65.92 ശതമാനം; വോട്ടെണ്ണൽ ഡിസംബർ എട്ടിന്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകീട്ട് അഞ്ച് വരെ 65.92 ശതമാനം പോളിങ്. ഡിസംബർ എട്ടിനാണു വോട്ടെണ്ണൽ.

ഭരണകക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ കോൺഗ്രസും നേർക്കുനേർ പോരാട്ടം നടന്ന സംസ്ഥാനത്ത് ആദ്യ മണിക്കൂറിൽ അഞ്ച് ശതമാനം മാത്രമായിരുന്നു പോളിങ്. ഉച്ചയ്ക്ക് ഒന്നു വരെ 37.19 ശതമാനമാണു രേഖപ്പെടുത്തിയത്.

സിർമോർ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ്, 41.89 ശതമാനം. മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ സ്വന്തം ജില്ലയായ മാണ്ഡിയിലാണു തൊട്ടുപിന്നിൽ, 41.17 ശതമാനം. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലയായ ലാഹൗളിലും സ്പിതിയിലുമാണ് ഏറ്റവും കുറവ് പോളിങ്. ലാഹൗളി 21.95 ശതമാനവും ചമ്പയിൽ 28.35 ശതമാനവുമാണ് ഉച്ചയ്ക്ക് ഒരു മണി വരെ പോളിങ് രേഖപ്പെടുത്തിയത്.

ആത്മവിശ്വാസത്തോടെയായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി മുഖം ഒന്നിലധികം വന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തൽ ഉയർന്നിരുന്നു.

കഴിഞ്ഞ മാസം ഒരാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണയാണ് ഹിമാചല്‍ സന്ദര്‍ശിച്ചത്. ഇതാണ് ബി ജെ പിയെ സംബന്ധിച്ചടത്തോളം ആക്കം കൂട്ടിയത്. വന്ദേ ഭാരത് ട്രെയിനും ബിലാസ്പൂരിലെ എയിംസും പ്രധാന പദ്ധതികളായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 1000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ നിലവിലെ മുഖ്യമന്ത്രി നിരവധി മണ്ഡലങ്ങൾ സന്ദർശിച്ചു.

തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ, 68 മണ്ഡലങ്ങളിലും റാലികൾ സംഘടിപ്പിച്ച് ഭരണകക്ഷിയായ ബിജെപി ഒക്ടോബർ 30 ന് സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് തുടക്കമിട്ടു. വിജയ് സങ്കൽപ് അഭിയാൻ എന്ന് പേരിട്ട യാത്രയില്‍ അഞ്ച് കേന്ദ്ര മന്ത്രിമാരും മൂന്ന് മുഖ്യമന്ത്രിമാരും ഹിമാചലിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാല് കാബിനറ്റ് മന്ത്രിമാരും സംസ്ഥാന ബിജെപി യൂണിറ്റിലെ ഒമ്പത് അംഗങ്ങളും പങ്കെടുത്തു.

ദേശീയ പദ്ധതികളുടെ നേട്ടങ്ങൾ പട്ടികപ്പെടുത്തിയ നിരവധി ഹോർഡിംഗുകളിൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ ഒഴിവാക്കപ്പെട്ടു. എന്നാല്‍ സംസ്ഥാനത്തെ റോഡുകളിലും ഹൈവേകളിലും പ്രധാനമന്ത്രി മോദിയുടെ ചിത്രം ദൃശ്യമാകുന്ന പോസ്റ്ററുകൾ വന്നതോടെ ബിജെപി പ്രചാരണത്തിൽ ദേശീയ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

പാർട്ടിയുടെ അജണ്ട വ്യക്തമാക്കാന്‍ നിരവധി മുതിർന്ന നേതാക്കളുടെ സാന്നിധ്യം ബിജെപി ഉപയോഗിച്ചു. അതേസമയം കോൺഗ്രസ് കൂടുതലും സംസ്ഥാന തല നേതാക്കളെ എത്തിച്ചായിരുന്നു പ്രചാരണം. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സംസ്ഥാനത്ത് എത്തിയില്ല. പകരം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയായിരുന്നു പ്രചാരണത്തിന് നേതൃത്വം നല്‍കിയത്.

പ്രിയങ്കയെ കൂടാതെ, പുതുതായി നിയമിതനായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, എച്ച്‌പിസിസി അധ്യക്ഷൻ പ്രതിഭാ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, എച്ച്‌പിസിസി മുൻ മേധാവി സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Himachal pradesh election bjp congress aap cpm updates