ന്യൂഡല്‍ഹി: രണ്ട് ദിവസം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി ആരാവണമെന്നതില്‍ തീരുമാനമെടുത്ത് കോണ്‍ഗ്രസ്. സുഖ്വീന്ദർ സിങ് സുഖു മുഖ്യമന്ത്രിയാകും. പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രിയാണ് ഉപമുഖ്യമന്ത്രി.
ഷിംലയിൽ ചേര്‍ന്ന കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗമാണ് ഹൈക്കമാൻഡിന്റെ തീരുമാനം പ്രഖ്യാപിച്ചത്. സുഖ്വീന്ദറിന്റെ പേര് ഹൈക്കമാൻഡ് നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. എന്നാല്‍ ഹിമാചൽ പ്രദേശ് കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങുമായി സംസാരിച്ച ശേഷമാണ് പ്രഖ്യാപനമുണ്ടായത്.
ഹിമാചൽ പ്രദേശിലെ നദൗൺ നിയോജക മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ സുഖ്വീന്ദർ സിങ് സുഖു മുഖ്യമന്ത്രിയാവാന്‍ സാധ്യതയുള്ള പേരുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. പ്രതിഭ സിങ്ങിന് പുറമെ മുകേഷ് അഗ്നിഹോത്രിയുടേതായിരുന്നു ഉയര്‍ന്ന് കേട്ട മറ്റൊരു പേര്.
58-കാരനായ സുഖ്വീന്ദറിന് തന്റെ മണ്ഡലത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ സ്വീകാര്യതയാണുള്ളത്. തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമിതിയുടെ തലവനായി പ്രവര്‍ത്തിച്ചത് സുഖ്വീന്ദറായിരുന്നു.
നദൗൺ സ്വദേശിയായ സുഖു നിയമബിരുദ ധാരിയാണ്. അദ്ദേഹം കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എന്‍ എസ് യു ഐയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 1989-ല്‍ എന്‍ എസ് യു ഐയുടെ സംസ്ഥാന പ്രസിഡന്റായി. 1998 മുതല്‍ 2008 വരെ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിനെ നയിച്ചു.
1992 നും 2002 നും ഇടയിൽ ഷിംല മുനിസിപ്പൽ കോർപ്പറേഷന്റെ കൗൺസിലറായി രണ്ടുതവണ സുഖു തിരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോൺഗ്രസിലെ പ്രവർത്തനത്തിനുശേഷം 2008-ൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി. 2013-ൽ സുഖുവിനെ പാർട്ടിയുടെ പ്രസിഡന്റായി നിയമിച്ചു. 2003-ൽ അദ്ദേഹം തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ നദൗണില്‍ നിന്ന് മത്സരിച്ചു.