ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്. ഗുജറാത്ത് തിരഞ്ഞെടുപ്പിനു ശേഷം ഡിസംബര്‍ 18വരെ ഫലം വരാന്‍ കാത്തിരിക്കണം. മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് കേസ് അടക്കം അഴിമതി ആരോപണങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും കോണ്‍ഗ്രസ് സര്‍ക്കാരിന് പ്രതികൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. 83കാരനായ വീരഭദ്ര സിങ്ങിന്റെ ജനപ്രീതിയിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

50നു മുകളില്‍ സീറ്റുകളാണ് പ്രംകുമാര്‍ ധുമാലിന്റെ നേതൃത്വത്തില്‍ ബിജെപി ലക്ഷ്യമിടുന്നത്. 73കാരനായ ധുമാലിന്റെ ജനപിന്തുണയില്‍ ഉറപ്പുള്ള പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കുന്ന പതിവും മാറ്റി. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനവും ജി.എസ്.ടിയും ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ധുമാലിനെ നേരിട്ടത്. പ്രചാരണം കൊഴുപ്പിക്കാന്‍ മോദിയും രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു. 14 സീറ്റുകളില്‍ സിപിഐഎം മത്സരിക്കുന്നുണ്ട്.

നോട്ട് നിരോധനം, ജിഎസ്ടി എന്നിവയുണ്ടാക്കിയ ബുദ്ധിമുട്ടുകൾ അക്കമിട്ടു നിരത്തിയാണ് കോൺഗ്രസ് വോട്ട് തേടുന്നത്. ഭരണം പിടിക്കാൻ ബിജെപി സംസ്ഥാനത്തെ ക്രമസമാധാന തകർച്ച, വരവിൽക്കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിൽ വീരഭദ്ര സിങ്ങിനെതിരായ കേസ് എന്നിവയാണു ബിജെപിയുടെ പ്രചാരണായുധം. കഴിഞ്ഞ ജൂലൈയിൽ 16 വയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായതും കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ചതും പ്രചാരണത്തിനു മൂർച്ച കൂട്ടുന്നു. സംസ്ഥാനത്ത് 95 ശതമാനത്തോളം ഹിന്ദുക്കളാണെങ്കിലും ഹൈന്ദവ അജൻഡ വിട്ട് വികസനമാണ് പ്രചാരണ വിഷയമായി ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ