ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ രാജീവ് ബിൻഡാൽ രാജിവച്ചു. ബുധനാഴ്ചയാണ് ബിജെപി ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ പാർട്ടി അധ്യക്ഷൻ തൽസ്ഥാനത്ത് നിന്ന് രാജിവച്ചത്. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ വകുപ്പിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിൽ അഴിമതിയുണ്ടെന്ന് തെളിഞ്ഞിരുന്നു.

അഴിമതി വ്യക്തമായ സാഹചര്യത്തിൽ ആരോഗ്യ ഡയറക്ടർ ഡോ. എ.കെ.ഗുപ്തയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഉപകരണ വിതരണക്കാരനും ഗുപ്തയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നതിനെത്തുടർന്നായിരുന്നു അറസ്റ്റ്. പിന്നാലെയാണ് സർക്കാരും ബിജെപിയും ഉൾപ്പെടെ അഴിമതി ആരോപണത്തിന്റെ നിഴലിൽ വന്നത്.

Also Read: സാമൂഹിക അകലം ഇത് മതിയോ: വൈറസുകൾ ആറ് മീറ്റർ ദൂരത്തേക്ക് വ്യാപിക്കുമെന്ന് പഠനം

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വിശ്വസ്തനായ ബിൻഡാൽ ജനുവരി വരെ നിയമസഭ സ്‌പീക്കറായിരുന്നു. ജെ.പി.നഡ്ഡയുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹം സ്‌പീക്കർ സ്ഥാനമൊഴിഞ്ഞ് പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ നേതൃത്വം ഏറ്റെടുത്തത്.

ബിജെപി നേതാവിന് പണം വാഗ്‌ദാനം ചെയ്യുന്ന ഓഡിയോ സന്ദേശമാണ് പുറത്ത് വന്നത്. അഞ്ച് ലക്ഷം രൂപയാണ് ബിജെപി നേതാവിന് കരാറുകാരൻ വാഗ്‌ദാനം ചെയ്യുന്നത്. അതേസസമയം, ധാർമികത ഉയർത്തിപ്പിടിക്കാനാണ്‌ രാജിയെന്ന്‌ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്‌ക്ക്‌ അയച്ച കത്തിൽ ബിൻഡാൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook