ന്യൂഡല്‍ഹി: ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച വിഷയമാണ് രാജ്യത്തെ ഇന്ധന വില വർധനവ്. രണ്ടാം മോദി സര്‍ക്കാര്‍ ഭരണത്തിലേറി ആദ്യ പൊതുബജറ്റ് അവതരിപ്പിച്ചപ്പോഴും ചര്‍ച്ച ഇന്ധന വിലയെ കുറിച്ച്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഇന്ധനവില കുറയ്ക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനെല്ലാം വിപരീതമായാണ് സംഭവിച്ചിരിക്കുന്നത്.

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇനിയും വര്‍ധിക്കും. പെട്രോളിനും ഡീസലിനും ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ വന്നാല്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വരെ വര്‍ധിച്ചേക്കാം. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്.

Budget 2019 Explained: കേന്ദ്ര ബജറ്റ്: ഭവന വായ്‌പകൾക്ക് നികുതിയിളവ്

നിലവില്‍ 70.51 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില. മുംബൈയില്‍ 76.15 രൂപയാണ് വില. ഡീസലിന് ഡല്‍ഹിയില്‍ 64.33 രൂപയും മുംബൈയില്‍ 67.96 രൂപയുമാണ്. സെസ് വര്‍പ്പിച്ച സാഹചര്യത്തില്‍ ഇന്ധനവില ഇനിയും കൂടും. ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകും.

ഇന്ധനവിലയ്ക്ക് പുറമേ സ്വര്‍ണം, രത്‌നം എന്നിവയുടെ വിലയിലും വര്‍ധനവ് ഉണ്ടാകും. സ്വര്‍ണത്തിന് കസ്റ്റംസ് തീരുവ 12.5 ശതമാനമാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 10 ശതമാനമായിരുന്നു. 2.5 ശതമാനത്തിന്റെ വര്‍ധനവാണ് കസ്റ്റംസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇനി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ പാൻ നമ്പർ ഇല്ലെങ്കിൽ ആധാർ കാർഡ് ആയാലും മതിയെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ അഞ്ച് ലക്ഷം രൂപ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. 45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റലാക്കും.  എയർ ഇന്ത്യയുടേതടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കും. ഓഹരി വിറ്റഴിക്കൽ ഊർജിതമാക്കുന്നതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റ് 10,5000 കോടി രൂപ നേടും.

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകും. ഇതിനായി ഇളവുകള്‍ നൽകും. റെയിൽവേ വികസനത്തിന് വൻ തുക നീക്കിവയ്ക്കും. 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയിൽവേ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വര്‍ഷം 210 കിലോമീറ്റര്‍ മെട്രോ ലൈന്‍ സ്ഥാപിക്കും. രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തില്‍ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ജല​ഗതാ​ഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികൾ നടപ്പാക്കും. ജലമാർ​ഗമുള്ള ചരക്ക് ​ഗതാ​ഗതം വർധിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook