ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങിയ വിമാനത്തിലെ പൈലറ്റിന്റെ ഭാഗത്ത് നിന്ന് കൈയ്യബദ്ധം സംഭവിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളം ഭയന്നുവിറച്ചു. പൈലറ്റ് അബദ്ധത്തിൽ ഹൈജാക് ബട്ടണിൽ വിരലമർത്തിയതാണ് ഡൽഹിയെ ഞെട്ടിച്ചത്.

പിന്നീട് രണ്ട് മണിക്കൂറോളം സമയമെടുത്ത് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് വിമാനം യാത്ര പുറപ്പെട്ടത്. പുറപ്പെടാൻ ഒരുങ്ങിയ വിമാനത്തിന്റെ പൈലറ്റ് ബട്ടൺ മാറി ഞെക്കിയതിനെ തുടർന്ന് ഡൽഹി വിമാനത്താവളം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു. ഹൈജാക് ബട്ടണിന്റെ അലാം അടിച്ചതിനെ തുടർന്ന് നാഷണൽ സെക്യുരിറ്റി ഗാർഡ് സെക്കന്റുകൾക്കുളളിലാണ് വിമാനത്തിന് അടുത്തേക്ക് പാഞ്ഞെത്തിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഇവർ ഉടൻ തന്നെ വിമാനത്തെ വളഞ്ഞു. പിന്നീട് വിമാനത്തിന് അകത്തും പുറത്തും എൻഎസ്ജി സംഘം പരിശോധന നടത്തി. ഇതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാതെ യാത്രക്കാർ ഭയന്നുപോയി. പരിശോധനകൾക്ക് ശേഷം ഭീഷണി ഉയർത്തും വിധം ഒന്നുമില്ലെന്ന് ബോധ്യം വന്ന ശേഷമാണ് എൻഎസ്‌ജി സംഘം പിൻവാങ്ങിയത്.

ഡൽഹി-കാണ്ഡഹാർ എഫ്‌ജി 312 നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്. 3.30 യ്ക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. പരിശോധനകൾ പൂർത്തിയാക്കി ആറ് മണിയോടെയാണ് വിമാനം പുറപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook