ബെംഗളൂരു: ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ഥിനികളെ പിയുസി (പ്ലസ് ടു) പരീക്ഷയെഴുതാന്‍ അനുവദിക്കാതെ അധികൃതര്‍. ഉഡുപ്പിയിലെ പിയു കൊളജിലെ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പരാതി നല്കിയ ആലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളായിരുന്നു ഹിജാബ് ധരിച്ച് പരീക്ഷയെഴുതാനെത്തിയത്.
ജില്ലയിലെ വനിതാ സർക്കാർ പിയു കോളേജിലെ കൊമേഴ്സ് വിദ്യാര്‍ഥിനികളാണിവര്‍. പരീക്ഷാ കേന്ദ്രമായ വിദ്യോദയ പിയു കോളേജില്‍ നിന്ന് അനുമതി നിഷേധിക്കുകയും തുടർന്ന് വിദ്യാര്‍ഥിനികള്‍ മടങ്ങിയെന്നുമാണ് ലഭിക്കുന്ന വിവരം. ഇന്നാണ് കര്‍ണാടകയില്‍ പിയു പരീക്ഷകള്‍ ആരംഭിച്ചത്. 6,84,255 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
പിയുസി പരീക്ഷയെഴുതുന്ന വിദ്യാർത്ഥിനികളും പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപകരും ഹിജാബും മതപരമായ മറ്റ് വസ്ത്രങ്ങളും ധരിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പിയിൽ നിന്നുള്ള ആറ് വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ വിദ്യാര്‍ഥിനികളുടെ അപേക്ഷ നിരസിച്ചിരുന്നു.
Also Read: COVID-19 Updates: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു; 2,451 പുതിയ കേസുകള്‍