ന്യൂഡൽഹി: ദേശീയ പാതയോരത്ത് പഞ്ചായത്തുകളിൽ മദ്യശാലകൾ അനുവദിക്കണോ വേണ്ടേ എന്ന കാര്യം സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി. പട്ടണങ്ങൾ ഏതൊക്കെയാണ്, ഗ്രാമങ്ങൾ ഏതൊക്കെയാണ് എന്ന കാര്യവും സംസ്ഥാന സർക്കാരിന് നിശ്ചയിക്കാമെന്നും കോടതി വിശദീകരിച്ചു.

ദേശീയ പാതയോരത്ത് അര കിലോമീറ്റർ പരിധിയിലുളള മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടണമെന്ന് 2017 മാർച്ച് 30നാണ് കോടതി ഉത്തരവിട്ടത്. പിന്നീട് ഇതിനെതിരായ ഹർജി പരിഗണിച്ച് നിബന്ധന തിരുത്തിയിരുന്നു. മുനിസിപ്പാലിറ്റികളിൽ ഈ നിബന്ധന പാലിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

പഞ്ചായത്തുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് വന്നതോടെ മുൻ വിധിക്ക് തീരെ പ്രസക്തിയില്ലാതായി. പുതിയ വിധി പുറത്തുവന്നതോടെ ദേശീയ പാതകള്‍ക്ക് അരികിലുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാം. ഇതിനായി നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ല. സര്‍ക്കാര്‍ അനുകൂല നിലപാടെടുത്താൽ അഞ്ഞൂറോളം കള്ളുഷാപ്പുകള്‍ക്കും, മൂന്ന് ത്രീ സ്റ്റാര്‍ ബാറുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാനാകും. 12 ബിവറേജസ് ഔട്ട്ലെറ്റുകൾക്കും 171 ബിയർ വൈൻ പാർലറുകൾക്കും അനുകൂല നിലപാട് സഹായകരമായേക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ