ന്യൂഡൽഹി: അനാവശ്യ വിവാദങ്ങളില്‍പ്പെട്ട് രാജ്യത്തിന്‍റെ വികസനം തടയപ്പെടരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യന്‍ സമൂഹത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ ഓർമപ്പെടുത്തൽ.

‘ഗാന്ധിയന്‍ മൂല്യങ്ങള്‍ എല്ലാവരും ഉയര്‍ത്തിപ്പിടിക്കണം. സ്വാതന്ത്ര്യദിനം എല്ലായ്പോഴും നമുക്ക് വിശേഷപ്പെട്ടതാണ്. എന്നാല്‍ ഇത്തവണത്തെ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുറച്ച് ആഴ്ചകള്‍ കൂടി കഴിഞ്ഞാല്‍ വരുന്ന ഒക്ടോബര്‍ 2നാണ് മഹാത്മ ഗാന്ധിയുടെ ജന്മദിനം. മാനുഷികമൂല്യങ്ങളുടെ പ്രതീകമായാണ് ഗാന്ധി ലോകത്താകെ ഓര്‍മ്മിക്കപ്പെടുന്നത്. ഇന്ത്യയുടെ സാക്ഷാത്കാരമാണ് ഗാന്ധി’, കോവിന്ദ് പറഞ്ഞു.

വനിതകൾക്ക് നമ്മുടെ സമൂഹത്തിൽ പരമപ്രധാനമായ സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്കമാക്കി.’ അവരുടെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തണം. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തന മേഖല തിരഞ്ഞെടുക്കാൻ സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്. ചരിത്രത്തിൽ ഇന്നേ വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത കാലഘട്ടത്തിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നുപോകുന്നത്. ഏറെക്കാലമായി കാത്തിരുന്ന പല ലക്ഷ്യങ്ങളും കൈവരിക്കാനുള്ള ഒരുക്കത്തിലാണ് നമ്മൾ. എല്ലാവർക്കും വൈദ്യുതി, എല്ലാവർക്കും പാർപ്പിടം, ദാരിദ്ര നിർമാർജനം തുടങ്ങിയ ലക്ഷ്യങ്ങൾ ഉടൻ തന്നെ രാജ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ