കൊച്ചി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്‍ഷന്‍ ലഭിക്കാനുള്ള സംയുക്ത ഓപ്ഷന്‍ നല്‍കാനുള്ള സമയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ പി എഫ് ഒ) മേയ് മൂന്നു വരെ നീട്ടിയിരിക്കെ, ആശങ്ക മാറാതെ തൊഴിലാളികള്‍. ഓപ്ഷന്‍ നല്‍കാന്‍ അനുവദിച്ച ലിങ്കില്‍ ഭൂരിഭാഗം പേര്‍ക്കും ഇതുവരെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓപ്ഷന്‍ സംബന്ധിച്ച സംശയങ്ങളും നിരവധിയാണ്. ഇതിലൊന്നിലും ഇ പി എഫ് ഒ വ്യക്തത വരുത്തിയിട്ടില്ല.
സുപ്രീംകോടതി നവംബര്‍ നാലിനു പുറപ്പെടുവിച്ച വിധിയെത്തുടര്‍ന്നാണ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ ഇ പി എഫ് ഒ ലിങ്ക് ലഭ്യമാക്കിയിരിക്കുന്നത്. ശമ്പളത്തിന് ആനുപാതികമായി പി എഫ് പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിട്ട സുപ്രീം കോടതി, പുതിയ പദ്ധതിയില്‍ ചേരാന്‍ നാലു മാസം അനുവദിക്കുകയായിരുന്നു. വിധി വന്ന് മൂന്നരമാസം കഴിഞ്ഞിട്ടും അനങ്ങാതിരുന്ന ഇ പി എഫ് ഒ ഒടുവില്‍ ഫെബ്രുവരി 20നാണ് ഓപ്ഷന്‍ ലഭ്യമാക്കിക്കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നു വരെ, 12 ദിവസം മാത്രമായിരുന്നു ഓപ്ഷന്‍ നല്‍കാന്‍ ജീവനക്കാര്‍ക്കു മുന്‍പിലുണ്ടായത്. ഇക്കാര്യത്തില്‍ വിമര്‍ശം ശക്തമായതിനു പിന്നാലെയാണു രണ്ടു മാസം കൂടി ഇ പി എഫ് ഒ സമയം അനുവദിച്ചത്.
അടിസ്ഥാന ശമ്പളവും ക്ഷാമബത്ത (ഡി എ)യും ചേര്‍ന്ന ശമ്പളത്തിന്റെ 12 ശതമാനമാണു നിലവില്‍ തൊഴിലാളിയും തൊഴിലുടമയും പി എഫ് വിഹിതമായി അടയ്‌ക്കേണ്ടത്. തൊഴിലുടമയുടെ വിഹിതത്തില്‍നിന്ന് 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കും ശേഷിച്ച 3.67 ശതമാനം ഇ പി എഫിലേക്കുമാണു പോകുന്നത്.
പെന്‍ഷന്‍ ഫണ്ടിലേക്കുള്ള തുകയ്ക്കായി കണക്കാക്കുന്ന ഉയര്‍ന്ന ശമ്പള പരിധി ആദ്യം 5000 രൂപയും തുടര്‍ന്ന് 6500 രൂപയുമായിരുന്നു. ഇതു പ്രകാരം പെന്‍ഷന്‍ ഫണ്ടിലേക്കു പോകുന്ന പരമാവധി തുക യഥാക്രമം 417 രൂപയും 541 രൂപയുമായിരുന്നു. 2014 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ ഉയര്‍ന്ന ശമ്പള പരിധി 15,000 രൂപയായായി ഉയര്‍ത്തി. ഇതിന്റെ 8.33 ശതമാനം വിഹിതമായ 1250 രൂപയാണു നിലവില്‍ പെന്‍ഷന്‍ ഫണ്ടിലേക്കു പോയ്‌ക്കൊണ്ടിരുന്നത്.
കേന്ദ്രസര്‍ക്കാര്‍ ഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കാന്‍ ഉത്തരവിട്ടു. വിധി സുപ്രീം കോടതി നവംബര്‍ നാലിനു ശരിവയ്്ക്കുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ക്കു ശമ്പളത്തിനനുകരിച്ച് കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്കു മാറ്റി ഉയര്‍ന്ന പെന്‍ഷന് അര്‍ഹത നേടാനാവും.
ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടയ്ക്കാന്‍ തൊഴിലാളിയും തൊഴിലുടമയും സംയുക്തമായി ഓപ്ഷന്‍ നല്‍കണം. പെന്‍ഷന്‍ വിഹിതം തൊഴിലുടമ അടയ്ക്കുന്ന പി എഫ് തുകയില്‍നിന്നാണു പോകുന്നത് എന്നതിനാലാണു തൊഴിലുടമയുടെ അനുമതി ആവശ്യമായി വരുന്നത്.
ഭേദഗതി നിലവില്‍ വന്ന 2014 സെപ്റ്റംബറിനുമുന്‍പ വിരമിച്ച ശമ്പളത്തിനനുസരിച്ച് ഉയര്‍ന്ന പെന്‍ഷന്‍ വിഹിതം അടയ്ക്കാതിരുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ കഴിയുമോയെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. 2014 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് വിരമിച്ചവര്‍ നേരത്തേ ഉയര്‍ന്ന പെന്‍ഷന് അപേക്ഷിച്ചിട്ടും പരിഗണിച്ചില്ലെങ്കില്‍ മാത്രമേ പുതിയ അപേക്ഷ നല്‍കാവൂയെന്നാണു പുതിയ സര്‍ക്കുലറില്‍ പറയുന്നത്.
ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കുന്നവര്‍ പെന്‍ഷന്‍ ഫണ്ടിലേക്കു കൂടുതല്‍ തുക അടയ്ക്കേണ്ടിവരും. പഴയ സര്‍വിസ് കാലത്ത്, ഉയര്‍ന്ന ശമ്പളപരിധിക്കു മുകളില്‍ പി എഫിലേക്ക് അടച്ച തുകയും അതിനു ലഭിച്ച പലിശയും പെന്‍ഷന്‍ ഫണ്ടിലേക്കു മാറ്റണം. അതിനാല്‍, നേരത്തെ പി എഫില്‍നിന്നു പണം പിന്‍വലിച്ചവര്‍ അധിക തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടയ്ക്കേണ്ടിവരും. ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കുന്നതിനാല്‍ കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്കു പോകുമെന്നതിനാല്‍ വിരമിക്കുന്ന സമയത്ത് പി എഫില്‍ തുക കുറയുമെന്നതും പുതിയ പദ്ധതിയുടെ പ്രത്യേകതയാണ്.
60 മാസത്തെ ശമ്പളത്തിന്റെ ശരാശരി അടിസ്ഥാനമാക്കിയാണു പെന്‍ഷന്‍ തുക കണക്കാക്കുക. അതിനാല്‍ ഭാവിയില്‍ ശമ്പളം കുറഞ്ഞാല്‍ പെന്‍ഷന്‍ തുകയും കുറയും.
ഓപ്ഷന്‍ എങ്ങനെ നല്‍കാം?
സംയുക്ത ഓപ്ഷന്‍ നല്‍കാന്‍ മേയ് മൂന്നാണ് ഇ പി എഫ് ഒ നിലവില്‍ അനുവദിച്ച അന്തിമ സമയം. ഇ പി എഫ് ഒയുടെ ഔദ്യോഗിക വെബ് സൈറ്റിലെ https://unifiedportal-mem.epfindia.gov.in/memberInterface എന്ന ലിങ്ക് മുഖേനെയാണ് ഓപ്ഷന്‍ നല്‍കേണ്ടത്.
യു എ എന്‍, പേര്, ജനന തീയതി, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ (ഇവ രണ്ടും ലിങ്ക് ചെയ്തവര്‍) എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് അപേക്ഷ നല്‍കേണ്ടത്.