ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയില്‍ ഉന്നത തല യോഗം ചേരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. റോ, ഐബി മേധാവിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആക്രമണത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കാന്‍ സൈന്യത്തിന് നിർദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തിന്റെ റിപ്പോര്‍ട്ടുകളും ലഭ്യമാകുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനും താമസിക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ പാര്‍ലമെന്റ് ലൈബ്രറി കെട്ടടിടത്തില്‍ വച്ച് സര്‍വ്വ കക്ഷിയോഗം നടന്നിരുന്നു. യോഗത്തില്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നതായി എല്ലാ പാര്‍ട്ടികളും അറിയിച്ചിരുന്നു. ഭീകരവാദത്തെ എല്ലാ അര്‍ത്ഥത്തിലും അപലപിക്കുന്നതായും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു.

രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ടിഎംസി നേതാവ് സുദീപ്, ഡെറെക്ക് ഒബ്രയാന്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത് തുടങ്ങിയവരും മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കന്മാരും പങ്കെടുത്തു. യോഗത്തിന് പിന്നാലെ തന്നെ കേന്ദ്ര സര്‍ക്കാരിന് പിന്തുണ അറിയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

”രാജ്യത്തിന്റേയും സേനകളുടേയും സുരക്ഷതയില്‍ ഞങ്ങള്‍ സര്‍ക്കാരിന് ഒപ്പമുണ്ട്. കശ്മീര്‍ ആയാലും രാജ്യത്തിന്റെ മറ്റേത് ഭാഗമായിരുന്നാലും തീവ്രവാദത്തിന് എതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook