ചെന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എടപ്പാടി ​പ​ള​നി​സ്വാ​മിക്കെതിരായ അ​ഴി​മ​തി ആരോപണത്തിൽ മദ്രാസ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. തമിഴ്നാട്ടിലെ റോ​ഡ് നി​ർ​മാ​ണ​ത്തി​നു ന​ൽ​കി​യ ക​രാ​റി​ൽ മുഖ്യമന്ത്രി അ​ഴി​മ​തി ന​ട​ത്തിയെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. 4800 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് ആരോപണം.

അഴിമതി ആരോപണത്തില്‍ സൂക്ഷ്‌മ പരിശോധന വേണമെന്ന് വ്യക്തമാക്കിയാണ് സിബിഐ അന്വേഷണത്തിനുള്ള കോടതി ഉത്തരവ്. പ്രതിപക്ഷ പാർട്ടിയായ ഡി​എം​കെ ന​ൽ​കി​യ ഹ​ർ​ജി​യി​ലാണ് കോടതി നടപടി. ജ​സ്റ്റീ​സ് എ.​ഡി ജ​ഗ​ദീ​ഷ് ച​ന്ദിര​യാ​ണ് സിബിഐ അ​ന്വേ​ഷണത്തിന് ഉത്തരവിട്ടത്. നേരത്തെ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സൂക്ഷമ പരിശോധന വേണമെന്ന് വ്യക്തമാക്കുകയായിരുന്നു.

സംസ്ഥാന സർക്കാരിന് കീഴിൽ വരുന്ന വിജിലന്‍സ് സമർപ്പിച്ച റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീട്ട് നൽകിയിരുന്നു. ഇത് വിമര്‍ശിച്ച കോടതി കേന്ദ്ര ഏജന്‍സിയായ സിബിഐ കേസ് അന്വേഷിക്കട്ടെയെന്ന് ഉത്തവിടുകയായിരുന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് കോ​ട​തി നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നാല് സംസ്ഥാന പാതകളുമായി ബന്ധപ്പെട്ട 3500 കോടി രൂപയുടെ റോ​ഡ് നി​ർ​മാ​ണ​ത്തി​നുള്ള കരാറുകൾ ത​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കും ബി​നാ​മി​ക​ൾ​ക്കും അനധികൃതമായി അനുവദിച്ചെന്നാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കട്ടെയെന്ന് വ്യക്തമാക്കിയ കോടതി, തെളിവുണ്ടെങ്കില്‍ തുടരന്വേഷണം നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് റോഡ് ഗതാഗതമടക്കം പത്തിലധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി എടപ്പാടി പ​ള​നി​സ്വാ​മിയാണ്. അതേസമയം പുതിയ സെക്രട്ടറിയേറ്റ്-നിയമസഭ കെട്ടിടം പണിതതിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ച തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അദ്ധ്യക്ഷൻ എംകെ സ്റ്റാലിൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook