ഛണ്ഡീഗഡ്: ദേര സച്ച സൗദ തലവൻ റാം റഹീമിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടന്ന കലാപവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. നാട് കത്തുന്പോൾ മുഖ്യമന്ത്രി കൈയ്യും കെട്ടി നോക്കിയിരുന്നുവെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി പറഞ്ഞു. ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇതോടെ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ കൂടുതൽ പ്രതിസന്ധിയിലായി. കലാപം ഉടലെടുത്തപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ രാജിക്കായി സംസ്ഥാന ബിജെപിക്ക് അകത്തും പുറത്തും ആവശ്യം ശക്തമായിരുന്നു. ഇവർക്ക് ശക്തിയേകുന്ന വിധത്തിലാണ് മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി വിമർശനവും ഉണ്ടായിരിക്കുന്നത്.

“മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് കാര്യങ്ങളെക്കുറിച്ച് ബോധ്യമില്ലാതിരിക്കുക? അക്രമികൾക്ക് മുന്നിൽ ഹരിയാന സർക്കാർ കീഴടങ്ങിയോ?” എന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം ദേര സച്ച സൗദ ഹരിയാന ആസ്ഥാനത്തിൻ്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഇതിന് പുറമേ സംഘർഷം ആദ്യം പൊട്ടിപ്പുറപ്പെട്ട സിർസയും ഇപ്പോൾ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. കുരുക്ഷേത്രയിൽ ആശ്രമങ്ങൾ അടച്ചുപൂട്ടിയ സൈന്യം പതിയെ സംഘർഷബാധിത മേഖലകളുടെയെല്ലാം നിയന്ത്രണം ഏറ്റെടുക്കുകയാണ്.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിൻ്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവും കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയും പങ്കെടുത്ത യോഗത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി. കാര്യങ്ങൾ പൊതുവേ സമാധാനപരമാണെന്ന വിലയിരുത്തലാണ് യോഗം നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ