ചെന്നൈ: പെൺകുട്ടികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽനിന്നും ഒളിക്യാമറകൾ കണ്ടെത്തി. പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കുളിമുറിയിലടക്കം ഒളിക്യാമറകൾ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടുടമസ്ഥനായ സമ്പത്ത് രാജിനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. ദി ന്യൂസ് മിനിറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തില്ലയ് ഗംഗാ നഗറിലെ വീട്ടിലെ മൂന്നു മുറികളാണ് ഇയാൾ പെൺകുട്ടികൾക്ക് വാടകയ്ക്ക് നൽകിയിരുന്നത്. ഏഴു പെൺകുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരെല്ലാം ജോലിക്കാരാണ്. ഇവർ അഡ്വാൻസ് ആയി 20,000 രൂപ നൽകിയിരുന്നു. ഓരോ മാസവും 5,500 രൂപയാണ് വാടകയായി ഒരാൾ നൽകിയിരുന്നത്. ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് രണ്ടു മാസമേ ആയിട്ടുളളൂ.

വീട്ടിലെ പല ഭാഗങ്ങളിൽനിന്നായി ആറു ക്യാമറകളാണ് കണ്ടെത്തിയത്. കുളിമുറിയിൽ സ്ഥാപിച്ചിരുന്ന ക്യാമറ ഒരു പെൺകുട്ടിയാണ് ആദ്യം കണ്ടത്. കുളിമുറിയിലെ സ്വിച്ച് ബോർഡിൽ ഹെയർ ഡ്രൈയർ പ്ലഗ് ചെയ്യാൻ നോക്കിയപ്പോൾ അതിന് കഴിഞ്ഞില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് ക്യാമറ കണ്ടെത്തിയത്. തുടർന്ന് ലഭിച്ച പരാതിയെത്തുടർന്നാണ് ഹോസ്റ്റൽ പരിശോധിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെഡ്റൂമിലെ ബൾബിനുളളിൽനിന്നും രണ്ടു ക്യാമറയും ഹാങ്ങറിൽനിന്നും രണ്ടെണ്ണവും കർട്ടനു പിറകിൽനിന്നും കുളിമുറിയിൽനിന്നും ഓരോന്നു വീതവുമാണ് പൊലീസ് കണ്ടെടുത്തത്. പെൺകുട്ടികളാണ് ഉടമസ്ഥൻ സമ്പത്തിനെ സംശയമുണ്ടെന്ന് പൊലീസിനോട് പറഞ്ഞത്. ഇയാൾ ഇടയ്ക്കിടെ വീട് പരിശോധിക്കുന്നതിനായി വരാറുണ്ടെന്ന് പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു.

അറ്റകുറ്റ പണികൾ ചെയ്യാനുണ്ടെന്ന വ്യാജേനയാണ് ഇയാൾ ക്യാമറകൾ വീട്ടിൽ സ്ഥാപിച്ചതെന്നാണ് റിപ്പോർട്ടുകൾ. ശരിയായ കാഴ്ച ലഭിക്കുന്നതുവരെ ഇയാൾ ക്യാമറകൾ മാറ്റി സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഇയാൾ ഇതുവരെ ഒന്നും റെക്കോർഡ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഐടി ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook