ദമാസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ അല്‍ബു കമലില്‍ ഉണ്ടായിരുന്നതായി ഹിസ്ബുളളയുടെ മാധ്യമവിഭാഗം. സിറിയന്‍ സൈന്യം പ്രദേശം പിടിച്ചെടുത്ത സമയം ഭീകരസംഘടനയുടെ നേതാവ് സ്ഥലത്ത് ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്ഥലം പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട സിറിയന്‍ സൈന്യം ബാഗ്ദാദിക്ക് എന്ത് സംഭവിച്ചെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല.

ദേര്‍ അല്‍സോര്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് അല്‍ബു കമലിലും സൈന്യം പടയോട്ടം നടത്തിയത്. ഇറാഖ് – സിറിയ അതിര്‍ത്തിയോട് ചേര്‍ന്ന് ദേര്‍ അല്‍സോര്‍ മേഖലയിലെ ചെറിയ പ്രദേശമാണ് അല്‍ബു കമാല്‍. ശക്തമായ ആക്രമണമാണ് കഴിഞ്ഞ ദിവസം ഇവിടെ ഭീകരര്‍ക്കെതിരെ നടന്നത്. ഇറാഖില്‍ നിന്നുള്ള ഷിയാ പോരാളികളും സിറിയന്‍ സൈന്യത്തോടൊപ്പമുണ്ട്.

ഇതോടെ സിറിയയില്‍ ഐഎസിന് നിലനില്‍പ് നഷ്ടപ്പെട്ടിരിക്കുകയാണ്. മേഖലയിലെ മരുഭൂമി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. അവശേഷിക്കുന്ന ഭീകരരെ ഉടന്‍ വധിക്കാനാകുമെന്ന് സൈന്യം പ്രതീക്ഷ പ്രകടിപ്പിച്ചു.

അല്‍ബു കമാലിന്റെ നിയന്ത്രണം കൂടി നഷ്ടമായ സ്ഥിതിക്ക് ഐഎസിന്റെ നിലനില്‍പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇറാഖിലെ അവശേഷിക്കുന്ന പ്രദേശം കൂടി പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് സേന. 2104 ല്‍ ഇറാഖിന്റെ നാലില്‍ മൂന്ന് ഭാഗം പ്രദേശവും ഇസ്‍ലാമിക് സ്റ്റേറ്റിന്റെ കൈവശമായിരുന്നു. നേരത്തേ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ ഖണ്ഡിച്ച് സെപ്തംബറില്‍ ഭീകരനേതാവിന്റെ ശബ്ദരേഖ പുറത്തുവന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ