അറ്റാതുര്‍ക്ക്: ആലിപ്പഴ വര്‍ഷം കൊണ്ട് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന 127 പേരുടെ ജീവന്‍ രക്ഷിച്ച പൈലറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം യുക്രൈന്‍ കാരനായ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ അകോപോവ് ആണ് അപകടഘട്ടത്തില്‍ പതറാതെ എ320 വിമാനം ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍ ഇറക്കിയത്.

അറ്റാതുര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് അറ്റ്‌ലസ് ഗ്ലോബലിന്റെ ജെറ്റ് വിമാനം പറന്നുയര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് കാലാവസ്ഥ പെട്ടെന്ന് മാറിയത്. കനത്ത മഴയ്‌ക്കൊപ്പം കോഴിമുട്ടയുടെ വലിപ്പമുള്ള മഞ്ഞുകഷ്ണങ്ങള്‍ പെയ്യാന്‍ തുടങ്ങി. വിമാനത്തിന്റെ മുന്‍ഭാഗത്ത് ശക്തമായി വന്നിടിച്ച മഞ്ഞുകട്ടകള്‍ വിമാനത്തിന് ഗുരുതരമായ കരാറുകളാണുണ്ടാക്കിയത്. വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്ന് ഉള്ളിലേയ്ക്ക് കുഴിഞ്ഞു. ചില്ലുഭാഗങ്ങളെല്ലാം തകര്‍ന്നുടഞ്ഞു.

നിയന്ത്രണം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ അടിയന്തിരമായി തിരിച്ചിറക്കുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്താവളം അടയ്ക്കാന്‍ വിമാനത്താവള അധികൃതര്‍ തീരുമാനിക്കുന്നതിനിടയിലാണ് അടിയന്തിര ലാന്‍ഡിങ്ങിന് പൈലറ്റ് അനുമതി തേടിയത്. എന്നാല്‍ ആലിപ്പഴ വീഴ്ചയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന്റെ ലാന്‍ഡിങ് എളുപ്പമായിരുന്നില്ല. പൈലറ്റിന്റെ വൈദഗ്ധ്യവും പരിചയവുമാണ് വലിയ അപകടം ഒഴിവാക്കിയത്.

അറ്റ്‌ലസ് ഗ്ലോബല്‍ സംഭവം സ്ഥിരീകരിക്കുകയും പൈലറ്റ് അലക്‌സാണ്ടര്‍ അകോപോവിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അകോപോവിന്റെ ധൈര്യത്തെയും വൈദഗ്ധ്യത്തെയും അനുമോദിക്കുന്നതിന് ‘യുക്രേനിയന്‍ ഓര്‍ഡര്‍ ഫോര്‍ കറേജ്’ ബഹുമതി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Posted by Oleg Lungul on 28 जुलै 2017

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ