ലണ്ടന്‍: തിങ്കളാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുകയായിരുന്ന ജനക്കൂട്ടത്തിനു നേര വാഹനം ഓടിച്ചു കയറ്റിയ അക്രമിയെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷിച്ചത് പള്ളി ഇമാം. ‘എല്ലാ മുസ്ലിങ്ങളേയും കൊല്ലണം’ എന്ന് ആക്രോശിച്ചെത്തിയ അക്രമിയെ രക്ഷിച്ചത് ഇമാം ആണെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

അക്രമിയെ ജനം പിടികൂടി കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് പള്ളിയിലെ ഇമാം മുഹമ്മദ് മഹ്മൂദ് രക്ഷിക്കാനെത്തിയത് . മുസ്ലിം വെല്‍ഫെയര്‍ ഹൗസിലെ ഇമാമാണ് രോഷകുലരായ ജനങ്ങള്‍ക്കിടയില്‍ നിന്ന് അക്രമിയുടെ ജീവന്‍ രക്ഷിച്ചത്. ‘ആരും അയാളെ തൊടരുത്’ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ ഇമാം മുഹമ്മദ് മഹ്മൂദ് പോലീസ് വരുന്നത് വരെ ജനങ്ങളോട് കാത്തിരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

എല്ലാ കോണുകളില്‍ നിന്നുമുള്ള ആക്രമണങ്ങളും അധിക്ഷേപങ്ങളും തടയാന്‍ ദൈവത്തിന്റെ കൃപയുണ്ടാകുമെന്ന് ഇമാം പ്രതികരിച്ചു. പോലീസ് അയാളെ പിടിച്ച് കൊണ്ടുപോയില്ലായിരുന്നെങ്കില്‍ അയാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുമായിരുന്നുവെന്നും ഇമാം പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് വടക്കന്‍ ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മോസ്‌കിനു സമീപം പ്രാര്‍ത്ഥന കഴിഞ്ഞു മടങ്ങുകയായിരുന്നു ജനത്തിനു നേരെ അക്രമി വാഹനം ഓടിച്ചു കയറ്റിയത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കിടയിലേയ്ക്കാണ് വാന്‍ ഇടിച്ചു കയറ്റിയത്.

പള്ളിയിൽ നടന്നത് ഭീകരാക്രമണം ആണെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞിരുന്നു. ലണ്ടനില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മാര്‍ച്ച് 22ന് ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം വെസ്റ്റ് മിനിസ്റ്റര്‍ഡ ബ്രിഡ്ജില്‍ അക്രമി കാല്‍നടയാത്രക്കാര്‍ക്കിടയിലേയ്ക്ക് വാഹനം ഇടിച്ചു കയറ്റിയിരുന്നു. ഈ ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. മേയ് 22ന് മാഞ്ചസ്റ്ററില്‍ യുഎസ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ പരിപാടിക്കിടെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ജൂണ്‍ മൂന്നിന് ലണ്ടന്‍ ബ്രിഡ്ജ് മേഖലയിലുണ്ടായ ആക്രമണത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ