ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സൈക്കിളുകള്‍ വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് ഹീറോ. ‘ബ്ലാക്ക് സൈക്കിള്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് 1999 രൂപയാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ഇന്ത്യന്‍ വിപണി കണക്കിലെടുത്താണിത്. മാഞ്ചസ്റ്ററില്‍ നിന്നുമുള്ള ഗ്ലോബല്‍ ഡിസൈന്‍ സെന്റര്‍ ആണ് സാധാരണക്കാര്‍ക്ക് വളരെ പ്രയോജനകരമാകുന്ന സൈക്കിള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

‘അപ്ഗ്രേഡഡ് റോഡ്‌സ്റ്റാര്‍ മോഡല്‍’ എന്ന വിശേഷണവുമായി ഈ സൈക്കിള്‍ ദൈനംദിന ജീവിതത്തില്‍ സൈക്കിളിനെ ആശ്രയിക്കുന്ന ആളുകളെയാണ് പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്. ഏപ്രില്‍ അവസാന വാരത്തില്‍ കമ്പനിയുടെ എം.ഡി പങ്കജ് മഞ്ചലാണ് ഇത് പ്രഖ്യാപിച്ചത്.

“ഞങ്ങളുടെ പുതിയ റോഡ്‌ സ്റ്റാര്‍ പഴയ മോഡലിന്‍റെ പുതുക്കിയ പതിപ്പല്ല. അടി മുതല്‍ ഉടല്‍ വരെ പുതിയ ഉല്‍പ്പന്നമാണ്”,അദ്ദേഹം പറഞ്ഞു. പുറത്തിറങ്ങാന്‍ പോകുന്ന ഓരോ സൈക്കിളിനും നിലവിലുള്ള മോഡലുകളെക്കാള്‍ കനം കുറവാണ് എങ്കിലും അമ്പത് ശതമാനം കൂടുതല്‍ ഭാരം ചുമക്കുവാനാകും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് പുതിയ മോഡല്‍ വിപണിയിലേക്ക് ഇറങ്ങുന്നത്.

പുതിയ സൈക്കിള്‍ പ്രഖ്യാപിച്ചു എങ്കിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത ഡിസൈനുകള്‍ ഇറക്കുന്നുണ്ടോ എന്നടക്കമുള്ള കാര്യങ്ങള്‍ ഹീറോ വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ ഇരുപത്തിയഞ്ചിനുള്ളില്‍ ‘ബ്ലാക്ക് സൈക്കിള്‍’ ഇന്ത്യന്‍ വിപണിയില്‍ ഇറക്കും എന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ