ന്യൂയോർക്ക്: യുഎസ് സെനറ്റ് അംഗം ജോൺ കോണിന്റെ ഭാര്യയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമാപണം നടത്തി. ‘ഹൗഡി മോദി’ പരിപാടിയുടെ തിരക്കു കാരണം ജോൺ കോണിന് ഭാര്യയുടെ പിറന്നാൾ ദിനത്തിൽ വീട്ടിലെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് മോദി ക്ഷമ ചോദിച്ചത്.

Read More: കടുവയാണ്, ഉരുക്ക് മനുഷ്യനാണ്; മോദിയെ പ്രശംസിച്ച് അമേരിക്കയിലെ സിഖ് സമൂഹം

പ്രധാനമന്ത്രിയുടെ ഓഫീസ് കോണിന്റെ ഭാര്യയെ അഭിസംബോധന ചെയ്ത വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “ഞാൻ നിങ്ങളോട് മാപ്പ് പറയാൻ ആഗ്രഹിക്കുന്നു. കാരണം ഇന്ന് നിങ്ങളുടെ പിറന്നാളാണ്. നിങ്ങളുടെ ഭർത്താവ് എനിക്കൊപ്പവും. സ്വാഭാവികമായും നിങ്ങൾക്ക് അസൂയ ഉണ്ടാകും” വീഡിയോയിൽ മോദി ഇങ്ങനെ പറയുന്നുണ്ട്. മോദി അവർക്ക് പിറന്നാൾ ആശംസകളും നേർന്നു.

അമേരിക്കയിലെ ഇന്ത്യൻ സമൂഹമായ ടെക്സസ് ഇന്ത്യൻ ഫോറമാണ് ഹൂസ്റ്റണിൽ ‘ഹൗഡി മോദി’ പരിപാടി സംഘടിപ്പിച്ചത്. ഹൂസ്റ്റണിലെ എൻആര്‍ജി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ 50,000 ലധികം ആളുകളാണ് പങ്കെടുത്തത്.

പരിപാടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പങ്കെടുത്തു. ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത ട്രംപ്, മോദിയുടെ നേതൃത്വത്തിൽ ലോകം ശക്തവും അഭിവൃദ്ധിയും പരമാധികാരവുമുള്ള ഇന്ത്യയ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. “ഇന്നത്തെ ഞങ്ങളുടെ ബന്ധം മുൻപത്തേക്കാൾ ശക്തമാണ്, ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയാണ് ഞങ്ങളുടെ അടിത്തറ,” അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബര്‍ 24 നാണ് നരേന്ദ്ര മോദി-ഡോണള്‍ഡ് ട്രംപ് നിര്‍ണായക കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നരേന്ദ്ര മോദി പങ്കെടുത്ത് സംസാരിക്കും. കശ്മീര്‍ വിഷയം യുഎന്നില്‍ ഉന്നയിക്കില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. 27 ന് ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook