ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട മൗനത്തിനൊടുവില്‍ രാജ്യത്തെ നടുക്കിയ കത്തുവ ക്രൂര ബലാത്സംഗ കൊലപാതകത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍ അംബേദ്കര്‍ സ്മാരകം ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. പ്രതികള്‍ക്ക് സര്‍ക്കാര്‍ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പരിഷ്കൃത സമൂഹത്തെ ലജ്ജിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്നത്. രാജ്യത്തെ പടുത്തുയര്‍ത്തിയവര്‍ക്ക് മുമ്പില്‍ നമ്മള്‍ തല കുനിച്ച് നില്‍ക്കുകയാണ്. ഒരു കുറ്റവാളിയേയും വെറുതെ വിടില്ല, നിയമം നടപ്പിലാക്കും. ആ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കും. നമ്മള്‍ എല്ലാവരും ഒന്നു ചേര്‍ന്ന് പ്രശ്നം പരിഹരിക്കണം. കുറ്റവാളികളുടെ ശിക്ഷ സര്‍ക്കാര്‍ ഉറപ്പു വരുത്തും’, മോദി പറഞ്ഞു.

കത്തുവ കൂട്ട ബലാത്സംഗ കൊലക്കേസിലും ഉന്നാവോ ബലാത്സംഗ കേസിലും ദിവസങ്ങള്‍ നീണ്ട മൗനത്തിന് ശേഷം പ്രതികരണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി വക്താവ് മീനാക്ഷി ലേഖി വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരിച്ചത്. രണ്ട് കേസിലും പൊലീസും സംസ്ഥാന സര്‍ക്കാരുകളും വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ലേഖി പറഞ്ഞു. കേന്ദ്രത്തെ കുറ്റപ്പെടുത്തി കേസ് വര്‍ഗീയവത്കരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ബിജെപി വക്താവ് കുറ്റപ്പെടുത്തി.

കത്തുവയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ എട്ട് പേരെ പ്രതി ചേര്‍ത്താണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. മയക്കുമരുന്ന് കൊടുത്ത് ഉറക്കിക്കിടത്തി ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് വച്ചാണ് പീഡനം നടത്തിയത്. പിന്നീട് കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസിലെ പ്രതിയായ പൊലീസുകാരനെ പിന്തുണച്ച് റാലി സംഘടിപ്പിച്ച രണ്ട് ബിജെപി എംഎല്‍എമാരുടെ പ്രവൃത്തി തെറ്റായിപ്പോയെന്നും ലേഖി പറഞ്ഞു. കേസില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടും പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത് കേസിനെ വര്‍ഗീയവത്കരിക്കാനാണെന്ന് ലേഖി കുറ്റപ്പെടുത്തി.

‘കോണ്‍ഗ്രസ് ആദ്യം ന്യൂനപക്ഷം, ന്യൂനപക്ഷം എന്നാണ് ബഹളം വച്ചത്. പിന്നെ ദലിത്, ദലിത് എന്ന് പറഞ്ഞു. ഇപ്പോള്‍ സ്ത്രീ, സ്ത്രീ എന്ന് പറഞ്ഞ് കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് ഇവര്‍ മറ്റ് ബലാത്സംഗ ഇരകള്‍ക്ക് വേണ്ടി മെഴുകുതിരി കത്തിച്ച് റാലി നടത്താത്തത്’, ലേഖി ചോദിച്ചു.

‘കത്തുവയിലും ഉന്നാവോയിലും അല്ലാതെ അസമിലെ നൈഗണില്‍ 12കാരി പീഡനത്തിനിരയായി തീവച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ എന്ത്കൊണ്ട് മാര്‍ച്ച് നടത്തുന്നില്ല. മാധ്യമങ്ങളും തെറ്റായാണ് വാര്‍ത്ത നല്‍കുന്നത്’, ലേഖി ആരോപിച്ചു.

വി.കെ.സിങ് ആയിരുന്നു കത്തുവ സംഭവത്തിനെതിരെ ആദ്യം രംഗത്ത് വന്ന സര്‍ക്കാര്‍ പ്രതിനിധി. ആ​സി​ഫ​യെ മ​നു​ഷ്യ​കു​ഞ്ഞാ​യി കാ​ണാ​ൻ ന​മ്മ​ൾ പ​രാ​ജ​യ​പ്പെ​ട്ടുവെന്ന് കേ​ന്ദ്ര മ​ന്ത്രി വി.​കെ.സിങ് പറഞ്ഞു. അ​വ​ൾ​ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട​രു​തെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ.സിങ് ട്വീ​റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നൊ​രാ​ൾ പ്ര​തി​ക​ര​ണം ന​ട​ത്തു​ന്ന​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook