ആമിർ ഖാൻ ചിത്രം ദംഗൽ ചൈനയിൽ വൻ റോക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്. ചൈനക്കാരായ നിരവധി ആരാധകരുടെ ഹൃദയങ്ങളിൽ ആമിർ ഇടം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ചൈനീസ് പ്രസിഡന്റും ആമിറിന്റെ ആരാധകനായെന്നു പറയാം. താൻ ദംഗൽ കണ്ടുവെന്നും സിനിമ ഇഷ്ടപ്പെട്ടുവെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണസമിതി യോഗത്തിൽ (എസ്‌സിഒ) പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
മേയ് അഞ്ചിനാണ് ദംഗൽ ചൈനയിൽ റിലീസ് ചെയ്തത്. ഇതിനോടകം ചിത്രം 1,100 കോടി കളക്ഷൻ ചൈനയിൽനിന്നും നേടിയിട്ടുണ്ട്. ചൈനയിൽ 7,000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചൈനയിൽ ‘ഷുആയ് ജിയാവോ ബാബ’ ( ലെറ്റ്സ് റെസ്‌ൽ ഡാഡ്) എന്ന പേരിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ദംഗൽ റിലീസിന് മുന്നോടിയായി ആമിര്‍ഖാന്‍ ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു.
ത്രീ ഇഡിയറ്റ്സ് മുതലാണ് ആമിർ ചിത്രങ്ങൾ ചൈനയിൽ പ്രദർശനത്തിനെത്തി തുടങ്ങിയത്. ആമിർ ഖാന്റെ ‘പികെ’ ചിത്രവും ചൈനയിൽ റിലീസ് ചെയ്തിരുന്നു. 4000 സ്ക്രീനുകളിൽ ചൈനയിൽ റിലീസ് ചെയ്ത പികെ നൂറുകോടി നേടിയിരുന്നു.