ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനു അവസാന നിമിഷത്തെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ, ചിത്രങ്ങൾ പുറത്തുവിട്ട് സർക്കാർ. പുതിയ പാർലമെന്റിന്റെ നിർമ്മാണത്തിന്റെയും സെൻട്രൽ വിസ്തയുടെ പുനർനിർമ്മാണത്തിന്റെയും ചുമതലയുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് പാർലമെന്റ് മന്ദിരത്തിന്റെ ഇന്റീരിയറുകളുടെ ഫോട്ടോകൾ പ്രസിദ്ധീകരിച്ചത്. മന്ത്രാലയത്തിന്റെ centralvista.gov.in എന്ന വെബ്സൈറ്റിൽ ഫോട്ടോകൾ ലഭ്യമാണ്.
2022 ൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജനുവരി അവസാനം മാത്രമേ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാകൂവെന്നാണ് മന്ത്രാലയ ഉദ്യോഗസ്ഥർ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ജനുവരി 31 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗമാണോ അതോ മാർച്ചിൽ ആരംഭിക്കുന്ന രണ്ടാം ഭാഗമാണോ പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കുകയെന്ന കാര്യത്തിൽ സർക്കാർ സ്ഥീരീകരണമില്ല.

2020 ൽ 861.9 കോടി കരാറിൽ ടാറ്റ പ്രോജക്ട്സ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. എന്നാൽ, നിർമ്മാണ ചെലവ് 1,200 കോടിയായി ഉയർന്നെന്നാണ് വൃത്തങ്ങൾ പറയുന്നത്. നിർമ്മാണത്തിനുള്ള ജിഎസ്ടി 2022 ൽ 12% ൽ നിന്ന് 18% ആയി ഉയർത്തിയതാണ് ഒരു കാരണമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ആർക്കിടെക്റ്റ് ബിമൽ പട്ടേലിന്റെ നേതൃത്വത്തിൽ അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്സിപി ഡിസൈൻ, പ്ലാനിങ് ആൻഡ് മാനേജ്‌മെന്റ് രൂപകല്പന ചെയ്ത കെട്ടിടം നിലവിലുള്ള പാർലമെന്റ് മന്ദിരത്തോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 2021 ലാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. പുതിയ ലോക്‌സഭാ ചേംബറിന് 888 സീറ്റുകളുണ്ട്. ഭാവിയിൽ സഭയുടെ അംഗബലം വർധിക്കുകയാണെങ്കിൽ കൂടുതൽ എംപിമാരെ ഉൾക്കൊള്ളാനുള്ള ശേഷിയുമുണ്ട്. രാജ്യസഭാ ചേംബറിൽ 384 സീറ്റുകളുമുണ്ട്.



പുതിയ കെട്ടിടത്തിന് നിലവിലെ പാർലമെന്റിലേതുപോലെ സെൻട്രൽ ഹാൾ ഇല്ല, പകരം ലോക്‌സഭാ ചേംബർ സംയുക്ത സമ്മേളനങ്ങൾക്കായി ഉപയോഗിക്കും.