ഛണ്ഡീഗഡ്: ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചതിനെ തുടർന്നുണ്ടായ കലാപത്തിൽ 36 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 250 ലേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതിൽ പൊലീസുകാരും ദേര സച്ചാ സൗദാ അനുയായികളുമുണ്ട്.

കലാപത്തിന്റെ അലയൊലി രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് അടക്കം വ്യാപിച്ചു. വടക്ക് കിഴക്കൻ ഡൽഹിയിലെ ജ്യോതി നഗർ ഏരിയയിൽ അക്രമികൾ രണ്ട് ബസുകളാണ് തീവച്ച് നശിപ്പിച്ചത്. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടലാണ് 150 ലധികം വരുന്ന യാത്രക്കാരെ രക്ഷിച്ചത്.

ഈ സംഭവത്തെ കുറിച്ച് അഗ്നിക്കിരയാക്കപ്പെട്ട ഒരു ബസിന്റെ ഡ്രൈവർ രമേഷ് കുമാർ പറഞ്ഞതിങ്ങനെ. “അവർ നാല് പേർ പെട്ടെന്നാണ് റോഡിന് മുന്നിലേക്ക് വന്നത്. നാല് പേരും ഹെൽമറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. നാല് പേരും റോഡ് മുറിച്ച് കടക്കുകയാവുമെന്ന് കരുതി ഞാൻ വേഗത കുറച്ചു. പൊടുന്നനേ 40 ലധികം വരുന്ന ഒരു സംഘം ബസ് വളഞ്ഞു. എല്ലാവരും ഹെൽമറ്റ് ധരിച്ചിരുന്നു. ഇവർ ബസിന്റെ ഗ്ലാസ് അടിച്ച് തകർക്കാൻ ശ്രമിച്ചു”, രമേഷ് പറഞ്ഞു.

രമേഷിന്റെ സീറ്റിന് വലതുവശത്തെ ജനൽചില്ല് അടിച്ച് തകർത്ത അക്രമി സംഘം ഡ്രൈവറുടെ നേർക്ക് പെട്രോളൊഴിച്ചു. “ബസിന്റെ പുറകിലെ ഡോർ തുറക്കും മുൻപ് പെട്രോളിൽ മുങ്ങിയ ഷർട്ട് ഞാൻ അഴിച്ചുമാറ്റി. പിന്നീട് വാതിൽ തുറന്നുകൊടുത്തു. മരണം മുന്നിൽ വന്ന് നിൽക്കുകയായിരുന്നു. തിരിച്ചാക്രമിക്കാനായിരുന്നില്ല. ജീവൻ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്”, അദ്ദേഹം പറഞ്ഞു.

ഇതിന് തൊട്ട് പുറകിലാണ് ഡിടിസി(ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ) മറ്റൊരു ഗ്രീൻ ബസ് ഉണ്ടായിരുന്നത്. ചുവന്ന ബസിൽ നിന്ന് ഇറങ്ങിയ യാത്രക്കാർ ഗ്രീൻ ബസിലേക്കാണ് ഓടിക്കയറിയത്. എന്നാൽ അക്രമികൾ ആയുധങ്ങളുമായി ഗ്രീൻ ബസിന് നേർക്ക് പാഞ്ഞടുത്തു. ബസിലുണ്ടായിരുന്നവരെയും ഓടിക്കയറിയവരെയും ബസിൽ നിന്നിറക്കിയാണ് കണ്ടക്ടർ അനിൽ സമയോചിത ഇടപെടൽ നടത്തിയത്. അനിലായിരുന്നു ബസിൽ നിന്ന് അവസാനം പുറത്തിറങ്ങിയത്.

നിരപരാധികളായ 150 ഓളം പേരാണ് രമേഷ് കുമാറിന്റെയും അനിലിന്റെയും സമയോചിത ഇടപെടൽ കൊണ്ട് രക്ഷപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ