ന്യൂഡൽഹി: ഒരു തീപ്പെട്ടികൊള്ളി കൊണ്ട് എന്തൊക്കെ സാധിക്കും? എടിഎം കൊള്ളയടിക്കാൻ സാധിക്കുമോ? സിനിമാ കഥകളെ വെല്ലുന്ന തരത്തില്‍ എടിഎം തട്ടിപ്പിലൂടെ നിരവധിയാളുകളെ വെട്ടിലാക്കിയ 27കാരനെ ഡല്‍ഹി പൊലീസ് പിടികൂടി. കേവലം ഒരു തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചാണ് ഇയാള്‍ സമര്‍ഥമായി തട്ടിപ്പ് നടത്തിയിരുന്നതെന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

എടിഎം മെഷീനിന്റെ കീ പാഡില്‍ തീപ്പെട്ടിക്കൊള്ളി സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ എടിഎമ്മുകളാണ് അമീര്‍ഖാന്‍ എന്ന ഈ 27കാരന്‍ തട്ടിപ്പിനായി ഉപയോഗിച്ചത്. ഇയാളുടെ പ്രവര്‍ത്തന രീതി തീര്‍ത്തും എളുപ്പവും അതേസമയം ആര്‍ക്കും സംശയത്തിന് ഇട നല്‍കാത്തതുമായിരുന്നു.

അമീർഖാൻ തട്ടിപ്പ് നടത്തിയിരുന്നത് ഇങ്ങനെ:

എടിഎമ്മിനുള്ളില്‍ പ്രവേശിക്കുന്ന അമീര്‍ ഒരറ്റം കൂര്‍പ്പിച്ച തീപ്പെട്ടിക്കൊള്ളി മെഷിനിന്‍റെ കീ പാഡില്‍ സ്ഥാപിച്ച ശേഷം ഇറങ്ങി മാറി നില്‍ക്കും. തീപ്പെട്ടിക്കൊള്ളി സ്ഥാപിക്കുന്നതോടെ കീ പാഡ് ഉപയോഗിക്കാനാകാത്ത അവസ്ഥയാകും. കീപാഡ് പ്രവർത്തനരഹിതമായെന്ന് ഉറപ്പാക്കിയ ശേഷം പുറത്തിറങ്ങുന്ന അമീര്‍ ഖാന്‍ ഇരയ്ക്കായി കാത്തു നില്‍ക്കും.

എടിഎം വച്ച സ്ഥലത്തേക്ക് ആരെങ്കിലും പ്രവേശിച്ചാല്‍ ഇടപാടുകാരനെന്ന വ്യാജേന ഇയാള്‍ പുറത്ത് സ്ഥാനം പിടിക്കും. പഴയ എടിഎം മെഷിനുകളില്‍ ആദ്യ പടിയായി നാലക്ക പിന്‍ നമ്പര്‍ ചോദിക്കുക പതിവാണ്. പിന്‍ നമ്പര്‍ അടിക്കാന്‍ ഉപയോക്താവ് ശ്രമിക്കുമ്പോള്‍ കീ പാഡ് പ്രവര്‍ത്തിക്കില്ല. ഒന്നു രണ്ട് ശ്രമങ്ങള്‍ പരാജയമായ ശേഷം ഉപയോക്താവ് പരിഭ്രാന്തിയിലാകുമ്പോള്‍ സഹായിയായി അമീര്‍ പ്രവേശിക്കും. ഇദ്ദേഹത്തിന് മുന്നില്‍ വച്ച് ഉപയോക്താവ് ഒന്നു രണ്ട് തവണ പിന്‍ അടിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ഓര്‍ത്തുവയ്ക്കും. മെഷിന്‍ കേടാണെന്ന് ഉറപ്പാക്കി ഉപയോക്താവ് പുറത്ത് പോകുമ്പോള്‍ അമീര്‍ ഒപ്പം പുറത്തിറങ്ങും. പിന്നീട് തിരിച്ചെത്തിയ ശേഷം ഓര്‍ത്തുവച്ച പിന്‍ ഉപയോഗിച്ച് പണം പിന്‍വലിക്കും.

പിടിക്കപ്പെടുമെന്ന ഭീതിയുള്ളതിനാല്‍ വന്‍ തുകകളൊന്നും തന്നെ ഇയാള്‍ പിന്‍വലിച്ചിരുന്നില്ല. നിരവധി ആളുകകളുടെ പണം നഷ്ടപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ