ആധാർ കാർഡിൽ നമ്മുടെ പെർമനന്റ് അക്കൗണ്ട് നമ്പർ ബന്ധിപ്പിക്കാനുള്ള ഉത്തരവ് പുറത്തുവന്നിട്ട് ദിവസങ്ങളായി. ഇതിന് തങ്ങളുടെ വെബ്സൈറ്റിൽ തന്നെ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ലിങ്ക് ആദായ നികുതി വകുപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ രണ്ട് നമ്പറുകളും ബന്ധിപ്പിക്കാത്തവർക്ക് വളരെ എളുപ്പത്തിൽ ഇത് ചെയ്യാനുള്ള സൗകര്യമാണ് ആദായനികുതി വകുപ്പ് ഒരുക്കിയിരിക്കുന്നത്.

ജൂലായ് ഒന്ന് മുതൽ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിന് പാൻ കാർഡ് ആധാർ കാർഡ് നമ്പറുമായി ബന്ധിപ്പിച്ചേ പറ്റൂ. ഇത് ചെയ്തില്ലെങ്കിൽ ഈ വർഷം ഡിസംബർ മുതൽ നിങ്ങളുടെ പാൻ കാർഡ് ഉപയോഗ ശൂന്യമായി മാറും.

ആധാറും പാൻ കാർഡ് നമ്പറും ബന്ധിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത്?

1. ആധാറും പാൻ കാർഡും ബന്ധിപ്പിക്കുന്നതിന് പ്രത്യേക വെബ് പേജ് തന്നെ ആദായ നികുതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി ആദായ നികുതി വകുപ്പിന്റെ “Link Adhar” എന്ന ഭാഗത്ത് ക്ലിക് ചെയ്യണം. //incometaxindiaefiling.gov.in എന്ന വെബ്പേജ് തുറന്നുവരും.

2. ഈ ലിങ്കിൽ പാൻ കാർഡ് നമ്പറും, ആധാർ കാർഡ് നമ്പറും രേഖപ്പെടുത്തണം. ആധാർ കാർഡിലെ പേര് അതേപടി ഇവിടെ രേഖപ്പെടുത്താനുണ്ട്. ഇതിന് താഴെയായുള്ള കാപ്‌ച കൂടി രേഖപ്പെടുത്തിയാലേ ശേഷിച്ച ഭാഗത്തിലേക്ക് പോകാനാവൂ.

3. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്ഥിരീകരണം ലഭിച്ചാലേ ഈ നടപടി ക്രമം പൂർത്തിയാകൂ.

4. ആധാറിൽ രേഖപ്പെടുത്തിയ പേരിൽ ചെറിയ മാറ്റം വന്നാൽ പോലും ഊ നടപടി ഒരു പടി കൂടി കടക്കേണ്ടി വരും. ആധാറിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കും ഒരു ഒറ്റത്തവണ പാസ്‌വേഡ് നൽകും. തടസങ്ങളില്ലാതെ രണ്ട് നമ്പറുകളും ബന്ധിപ്പിക്കാൻ, രണ്ടിലേയും ജനനത്തീയതിയും ലിംഗവും ഒന്ന് തന്നെയാണെന്ന് ഉറപ്പാക്കണം.

പ്രത്യേക ലോഗിൻ ഐഡി ഇല്ലാതെ തന്നെ ആദായ നികുതി വകുപ്പ് തയ്യാറാക്കിയ ഈ വെബ്പേജിലേക്ക് കയറാം. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ രണ്ട് നമ്പറുകളും ബന്ധിപ്പിക്കാനും സാധിക്കും.

2017 കേന്ദ്ര ധനകാര്യ ചട്ടത്തിൽ വരുത്തിയ ഭേദഗതികളോടെ ആദായനികുതി അടയ്ക്കുന്നതിന് ആധാർ നിർബന്ധമാക്കിയിരിക്കുകയാണ്. ജൂലൈ ഒന്ന് മുതൽ പാൻ കാർഡിന് അപേക്ഷ നൽകുന്നവർക്ക് ആധാർ കാർഡ് ഉണ്ടായിരിക്കണമെന്ന നിബന്ധനയും കൊണ്ടുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ