മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) തലവൻ ഹേമന്ദ് കർക്കറെയുടെ മകൾ 11 വർഷങ്ങൾക്കുശേഷം മൗനം വെടിഞ്ഞു. തന്റെ ജീവൻ നൽകി സ്വന്തം നഗരത്തെയും രാജ്യത്തെയും സംരക്ഷിക്കാനാണ് പിതാവ് ശ്രമിച്ചതെന്ന് എല്ലാവരും ഓർക്കണമെന്ന് ഹേമന്ദ് കർക്കറെയുടെ മകൾ ജുയ് നവരെ പറഞ്ഞു.

മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ തന്റെ പിതാവിനെക്കുറിച്ച് പറഞ്ഞ പ്രസ്താവന സോഷ്യൽ മീഡിയയിലൂടെയാണ് വായിച്ചതെന്ന് ദി സൺഡേ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നവരെ പറഞ്ഞു. ”ഞാൻ അവരെയോ അവരുടെ പ്രസ്താവനയെയോ അപമാനിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഹേമന്ദ് കർക്കറെയെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അദ്ദേഹമൊരു റോൾ മോഡലായിരുന്നു. അദ്ദേഹത്തിന്റെ പേര് എപ്പോഴും ആദരിക്കപ്പെടണം. ഭീകരവാദത്തിന് മതമില്ലെന്നാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിട്ടുളളത്. ഒരാളെ കൊല്ലാൻ ഒരു മതവും ആരെയും പഠിപ്പിക്കുന്നില്ല. അങ്ങനെയുളള പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തണം,” നവരെ പറഞ്ഞു.

”തന്റെ 24 വർഷത്തെ പൊലീസ് കരിയറിൽ അദ്ദേഹം എല്ലാവരെയും സഹായിച്ചിട്ടേയുളളൂ. മരണത്തിലൂടെ അദ്ദേഹം സ്വന്തം നഗരത്തെയും രാജ്യത്തെയും സംരക്ഷിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം തന്റെ യൂണിഫോമിനെ ഒരുപാട് സ്നേഹിച്ചിരുന്നു. ഞങ്ങളെക്കാളും സ്വന്തം ജീവിതത്തെക്കാളും അദ്ദേഹം അതിന് പ്രാധാന്യം കൊടുത്തു. എല്ലാവരും അതോർക്കണം,” നവരെ പറഞ്ഞു. ഹേമന്ദ് കർക്കറെയുടെ മൂന്നു മക്കളിൽ മൂത്ത മകളാണ് 38 കാരിയായ നവരെ. ഭർത്താവിനും രണ്ടു പെൺമക്കൾക്കുമൊപ്പം യുഎസിലാണ് നവരെ താമസിക്കുന്നത്.

hemant karkare, jui navare,ie malayalam

ഹേമന്ദ് കർക്കറെയുടെ മകൾ ജുയ് നവരെ

രണ്ടാഴ്ചകൾക്കു മുൻപാണ് ഭോപ്പാലിൽനിന്നുളള ബിജെപി സ്ഥാനാർഥി പ്രഗ്യാ സിങ് എടിഎസ് തലവനായിരുന്ന ഹേമന്ദ് കർക്കറെയെ അപമാനിക്കുന്ന തരത്തിലുളള പ്രസ്താവന നടത്തിയത്. കർക്കറെ രാജ്യദ്രോഹിയാണെന്നും മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തന്റെ ശാപമേറ്റിട്ടാണെന്നുമായിരുന്നു പ്രഗ്യയുടെ പരാമർശം.

2008 ലെ മാലെഗാവ് സ്‌ഫോടനക്കേസ് അന്വേഷിച്ചത് കർക്കറെ ആയിരുന്നു. മുംബൈ ഭീകരക്രമണത്തിന് ഒരു മാസം മുൻപ്, 2008 ഒക്ടോബറിൽ മാലെഗാവ് സ്ഫോടനക്കേസിൽ പ്രഗ്യ സിങ് അടക്കം 11 പേരെ കർക്കറെ അറസ്റ്റ് ചെയ്തിരുന്നു. 2008 നവംബർ 26നു മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ ഭീകരരുടെ വെടിയേറ്റ് കർക്കറെ വീരമൃത്യു വരിച്ചു. 2009ൽ രാജ്യം അശോക ചക്ര നൽകി അദ്ദേഹത്തെ ആദരിച്ചു

hemant karkare, Malegaon case., Maharashtra ATS, ie malayalam

ഹേമന്ദ് കർക്കറെ

മാലെഗാവ് സ്ഫോടനക്കേസിന്റെ പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്താണ് തന്റെ പിതാവ് അന്വേഷിച്ചതെന്നും അദ്ദേഹത്തിന്റെ ജീവന് അപകടം വരുമോയെന്ന് അമ്മ ഭയപ്പെട്ടിരുന്നതായും നവരെ പറഞ്ഞു. കാരണം കേസിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും അമ്മ വളരെ ആശങ്കാകുലയായിരുന്നുവെന്ന് നവരെ പറഞ്ഞു. 2014 ൽ ലാണ് കർക്കറെയുടെ ഭാര്യ മരിക്കുന്നത്.

”കേസിൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ ഞാൻ പൂർണമായും പിന്തുണച്ചിരുന്നു. അദ്ദേഹം എന്ത് ചെയ്താലും അത് ശരിയായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഒരു മകളെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ അടുത്തറിയാം. എപ്പോഴും നീതി ഉറപ്പുവരുത്തുന്ന വ്യക്തിയാണ് അദ്ദേഹം. അതെപ്പോഴും എനിക്ക് വ്യക്തമായിട്ടുളളതാണ്. ഞാനിത് വെറുതെ പറയുന്നതല്ല,” നവരെ വ്യക്തമാക്കി. Read Full Interview Here

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook