മുംബൈ: കമലാ മിൽസ് കെട്ടിടത്തിലെ അഗ്നിബാധയെ തുടർന്ന് 14 പേർ വെന്തുമരിച്ച സംഭവത്തിൽ വിവാദ പ്രസ്താവനയുമായി ഹേമ മാലിനി. നഗരങ്ങളിലെ അനിയന്ത്രിതമായ ജനപ്പെരുപ്പമാണ് തീപിടിത്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതെന്ന് ഹേമ മാലിനി പറഞ്ഞു. 12 സ്ത്രീകളും രണ്ട് അമേരിക്കക്കാരായ സഹോദരന്മാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
“സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തരുത്. പൊലീസ് അവരുടെ ജോലി നന്നായി തന്നെ ചെയ്തു. മുംബൈയിലെ ജനസംഖ്യയാണ് അപകടത്തിന് കാരണം. മുംബൈ അവസാനിക്കുമ്പോൾ അടുത്ത നഗരം. ഓരോയിടത്തും അനിയന്ത്രിതമായി ജനസംഖ്യ പെരുകുകയാണ്. ഓരോ നഗരത്തിനും നിശ്ചിത ജനസംഖ്യ കണക്ക് വേണം. പരിധി കഴിഞ്ഞാൽ പിന്നീട് വരുന്നവരെ അടുത്ത നഗരത്തിലേക്ക് വിടണം”, ഹേമ മാലിനി കുറിച്ചു.
ലോവര്‍ പരേലിലെ കമല മില്‍സ് കോംപൗണ്ടില്‍ ഇന്നലെ അർദ്ധരാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ ഒരു ഭക്ഷണശാലയിലാണ് അപകടം ഉണ്ടായത്. തീ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്കും പടർന്നത് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ഇതേ കോംപൗണ്ടിൽ പ്രവർത്തിക്കുന്ന ടൈംസ് നൗ ചാനലിന്റെ സ്റ്റുഡിയോയിലേക്കും തീപടർന്നു.