ന്യൂഡല്‍ഹി: കേദാര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ് പൈലറ്റ് ഉള്‍പ്പെടെ ഏഴുപേരും മരിച്ചു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ ഇന്നു രാവിലെയാണു സംഭവം. ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടര്‍ന്നു ഹെലികോപ്റ്റര്‍ മലയില്‍ ഇടിക്കുകയായിരുന്നു.
ഡല്‍ഹി ആസ്ഥാനമായുള്ള ആര്യന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ കേദാര്‍നാഥില്‍നിന്ന് മടങ്ങുന്നതിനിടെ ഗരുഡ് ചട്ടിക്കു സമീപമാണു തകര്‍ന്നുവീണത്.
സ്ഥലത്ത് സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ് ഡി ആര്‍ എഫ്) ജില്ലാ പൊലീസിന്റെയും സംഘങ്ങള്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. എന്നാല്‍ പ്രദേശത്ത് മഴ പെയ്യുന്നതു രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്.
ലിഞ്ചോളിക്കും ഗരുഡ് ചട്ടിക്കുമിടയിലാണ് അപകടം നടന്നതെന്നും കേദാര്‍നാഥ്, ലിഞ്ചോളി എന്നിവിടങ്ങളില്‍നിന്നു രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായും എസ് ഡി ആര്‍ എഫ് പ്രസ്താവനയില്‍ അറിയിച്ചു. ”തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. ആര്യന്‍ കമ്പനിയുടെ ഹെലികോപ്റ്ററില്‍ ഏഴു പേരുണ്ടായിരുന്നു. മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച കുറവായതിനാല്‍ ഹെലികോപ്റ്റര്‍ മലയില്‍ ഇടിച്ച് തകര്‍ന്നു,” പ്രസ്താവനയില്‍ പറയുന്നു.
പൂര്‍വ രാമാനുജ്, കൃതി, ഉര്‍വി, സുജാത, പ്രേം കുമാര്‍, കല, പൈലറ്റ് അനില്‍ സിങ് എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ എന്നിവര്‍ അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തു.
”ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വേദനിക്കുന്നു. ഈ ദുരന്തവേളയില്‍ എന്റെ മനസ് ദുഃഖാര്‍ത്തരായ കുടുംബങ്ങള്‍ക്കൊപ്പമാണ്,”പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തിന്റെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.
”കേദാര്‍നാഥിനു സമീപം ഗരുഡ് ചട്ടിയില്‍ നിര്‍ഭാഗ്യവശാല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ചിലര്‍ മരിച്ചെന്ന ദുഃഖവാര്‍ത്ത പുറത്തുവന്നിരിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എസ് ഡി ആര്‍ എഫും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു,” പുഷ്‌കര്‍ സിങ് ധാമി ട്വീറ്റ് ചെയ്തു.
അപകടത്തെ ദൗര്‍ഭാഗ്യകരമെന്നു വിശേഷിപ്പിച്ച വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യ ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പറഞ്ഞു. ”കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. നാശനഷ്ടത്തിന്റെ വ്യാപ്തി അറിയാന്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെുകൊണ്ടിരിക്കുന്നു. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.