ന്യൂഡൽഹി: നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട ഹെലികോ‍പ്റ്ററിൽനിന്നു നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച എൻജിനീയർ മരിച്ചു. ഹെലികോപ്റ്ററിന്റെ ബ്ലെയ്ഡ് തട്ടിയാണ് ഇയാൾ മരിച്ചത്. ഹെലികോപ്റ്റർ എൻജിനീയർ അസം സ്വദേശി വിക്രം ലാംബ ആണ് മരിച്ചത്. പൈലറ്റ് ഉൾപ്പെടെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് ഏഴു പേരും രക്ഷപ്പെട്ടു. ഉത്തരാഖണ്ഡിലെ ബദ്‍രിനാഥിൽ ഇന്നു രാവിലെയാണ് അപകടമുണ്ടായത്.

ഹെലികോപ്റ്റർ പറന്നുയർന്ന ഉടൻ തന്നെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. വഡോദരയിൽ നിന്നുള്ള തീർഥാടകരുമായി ഹരിദ്വാറിലേക്ക് പോവുകയായിരുന്ന കോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് കരുതിയ എൻജിനിയർ ചെറിയ ഉയരത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. എന്നാൽ, ചാട്ടത്തിനിടെ ഹെലികോപ്റ്ററിന്റെ പങ്കയ്ക്കുള്ളിൽപ്പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു.

എട്ടു പേർക്ക് ഇരിക്കാവുന്ന അഗസ്റ്റവെസ്റ്റ്ലാൻഡ് എഡബ്ല്യൂ119 ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ഞെട്ടൽ രേഖപ്പെടുത്തി. ജീവൻ നഷ്ടമായ വിക്രം ലാംബയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ