ഒസ്ലോ : എട്ടു പേരുമായി പോയ റഷ്യൻ ഹെലികോപ്റ്റർ കടലില്‍ തകർന്ന് വീണു. ആർട്ടിക് സമുദ്രത്തിലെ നോർവീജിയൻ ദ്വീപ സമൂഹമായ സ്വാൽബാർഡിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. റഷ്യന്‍ മില്‍ എംഐ-8 ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.
പൈരാമിഡനിൽനിന്ന് ബരെന്റസ്ബർഗിലേക്കു പോകുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ബരെന്റസ്ബർഗ് തീരത്തുനിന്നും രണ്ടോ മൂന്നോ കിലോമീറ്റർ മാത്രം അകലെയായിരുന്നു അപകടമെന്ന് നോർവെ ആഭ്യന്തര അധികൃതര്‍ പറഞ്ഞു.
മലകളും, കടലിടുക്കുകളും, മഞ്ഞുമലകളും കൊണ്ട് പ്രകൃതി സുന്ദരമായ ദ്വീപാണ് സ്വാല്‍ബാര്‍ഡ്. ഹെലികോപ്റ്ററില്‍ നിന്നും അപായ സിഗ്നല്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ലെന്നാണ് രക്ഷാ പ്രവര്‍ത്തന സംഘത്തിന്റെ വക്താവ് ടോര്‍ ഹോങ്സെറ്റ് വ്യക്തമാക്കുന്നത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന എട്ട് പേരില്‍ മൂന്ന് പേര് യാത്രക്കാരാണ്.