ന്യൂഡൽഹി: സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതിക ശരീരം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറിലാണ് സംസ്കാരം നടന്നത്.
കാംരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. ആയിരക്കണക്കിന് പേരാണ് സൈനിക മേധാവിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി വിലാപയാത്ര പോകുന്ന വഴിയില്‍ കാത്തുനിന്നത്.
രാവിലെ 11 മണിക്ക് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. 12.30 വരെ പൊതുജനങ്ങൾക്ക് അന്തിമോപചാരമർപ്പിക്കാൻ അവസരമുണ്ടായിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട ബ്രേഗേഡിയര്‍ എല്‍.എസ്.ലിഡ്ഡറുടെ സംസ്കാരം രാവിലെ നടന്നു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ജനറൽ ബിപിൻ റാവത്തിന്റെയും മറ്റു 11 സായുധ സേനാംഗങ്ങളുടെയും മൃതദേഹങ്ങൾ ഡൽഹിയിലെത്തിച്ചത്. ഊട്ടി വെല്ലിങ്ടണിൽനിന്ന് കോയമ്പത്തൂരിനു സമീപത്തെ സുലൂർ വ്യോമത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിലാണ് രാജ്യ തലസ്ഥാനത്തേക്ക് എത്തിച്ചത്.
ഡൽഹി പാലം വിമാനത്താവളലെത്തിച്ച മൃതദേഹങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആദരാഞ്ജലികൾ അർപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സേനാ മേധാവികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ബിപിൻ റാവത്തിന്റെ രണ്ടു മക്കളെയും കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് ഇവർ മടങ്ങിയത്.
അതേസമയം, അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ.പ്രദീപ് ഉൾപ്പെടെയുള്ള മറ്റു 10 സൈനികരുടെ മൃതദേഹങ്ങൾ ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ ശേഷമാണ് സ്വന്തം നാടുകളിലേക്ക് അയക്കുക.
Also Read: ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു, പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു
ബുധനാഴ്ച ഉച്ചയ്ക്ക് ഊട്ടി കുനൂരിനു സമീപമാണ് രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടം സംഭവിച്ചത്. കോയമ്പത്തൂരിനടുത്തുള്ള സുലൂരിൽനിന്ന് ഊട്ടി വെല്ലിങ്ടണിലേക്ക് പോകുകയായിരുന്ന വ്യോമസേനയുടെ മി 17 വി 5 ഹെലികോപ്റ്റർ ഉച്ചയ്ക്ക് 12.20നാണു തകർന്നുവീണത്. ലാൻഡ് ചെയ്യേണ്ട ഹെലിപാഡിന് 10 കിലോമീറ്റർ അകലെ ജനവാസ കേന്ദ്രത്തിനു സമീപമായിരുന്നു ദുരന്തം.
ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള 14 പേരില്‍ 13 പേരും മരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വരുണ്‍ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളുരുവിലെ ആശുപത്രിയിലേക്കു മാറ്റി.