സെന്‍സര്‍ഷിപ്പില്‍ ആശങ്ക പ്രകടിപ്പിച്ചു; അമോല്‍ പലേക്കറുടെ പ്രസംഗം തടഞ്ഞ് സംഘാടകര്‍

ചിത്രപ്രദര്‍ശനങ്ങളുടെ ആശയങ്ങളും ഉള്ളടക്കവും തീരുമാനിക്കുന്നതിനുള്ള അധികാരം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഏറ്റെടുത്തതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Amol Palekar
Veteran Actor -Director Amol Palekar at International Kolkata Book Fair on Thursday in Kolkata on February 04, 2016. Express Photo by Partha Paul. *** Local Caption *** Veteran Actor -Director Amol Palekar at International Kolkata Book Fair on Thursday in Kolkata on February 04, 2016. Express Photo by Partha Paul.

മുംബൈ: സെന്‍സര്‍ഷിപ്പിനെതിരെയും കലയേയും ആർട്ടിസ്റ്റുകളെയും നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളേയും വിമര്‍ശിച്ച് സംസാരിച്ച, നടനും സിനിമാ സംവിധായകനുമായ അമോല്‍ പലേക്കറുടെ പ്രസംഗം തടഞ്ഞ് നാഷണല്‍ ഗാലറി ഓഫ് മേഡേണ്‍ ആര്‍ട്ടിന്റെ സംഘാടകര്‍. ഷോയുടെ ക്യൂറേറ്ററായ ജേസല്‍ താക്കര്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് പലേക്കറെ തടഞ്ഞത്. പ്രഭാകര്‍ ബാര്‍വെയുടെ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം സര്‍ക്കാരിന്റ സെന്‍സര്‍ഷിപ്പ് നയങ്ങളെ വിമര്‍ശിച്ചത്.

നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിന്റെ മുംബൈയിലും ബെംഗളൂരുവിലുമുള്ള ഗാലറികളില്‍ നടത്തേണ്ട ചിത്രപ്രദര്‍ശനങ്ങളുടെ ആശയങ്ങളും ഉള്ളടക്കവും തീരുമാനിക്കുന്നതിനുള്ള അധികാരം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഏറ്റെടുത്തതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ ഒക്ടോബര്‍ വരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നത് പ്രാദേശിക ആർട്ടിസ്റ്റുകൾ ചേര്‍ന്നുള്ള കമ്മിറ്റിയായിരുന്നു.

‘കലാപരമായ ആവിഷ്‌കാരത്തിനും കലയുടെ വൈവിധ്യമാര്‍ന്ന വീക്ഷണത്തിനും ഇടമൊരുക്കുന്ന പവിത്രമായ വേദിയാണ് എന്‍ജിഎംഎ. സമീപകാലത്ത് ഒരാള്‍ പറഞ്ഞതു പോലെ മാനവികതയ്‌ക്കെതിരായ യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ അപകടം സംഭവിച്ചിരിക്കുന്നതിനും ഇതിനാണ്. ഞാന്‍ യഥാര്‍ത്ഥത്തില്‍ വളരെ അസ്വസ്ഥനാണ്. ഈ ഏകപക്ഷീയമായ ഉത്തരവുകള്‍ക്കെതിരെ സംസാരിക്കാനോ പ്രതിഷേധിക്കാനോ ചോദ്യം ചെയ്യാനോ ആരും തയ്യാറാകുന്നില്ല എന്നതാണ് എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത്,’ പലേക്കര്‍ പറഞ്ഞു.

ഇതിനിടയില്‍ ഒന്നിലധികം തവണ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമമുണ്ടായി. മുംബൈയിലെ ഉപദേശക സമിതിയുടെ ചെര്‍മാനായ സുഹാസ് ബഹുല്‍കര്‍ അദ്ദേഹത്തോട് ബാര്‍വെയുടെ ചിത്രങ്ങളെ കുറിച്ചുള്ള സംസാരത്തില്‍ ഉറച്ചുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഷോയുടെ ക്യൂറേറ്ററായ ജേസല്‍ താക്കറും പ്രസംഗം തുടരുന്നത് തടസ്സപ്പെടുത്തി. ഇതോടെ മറാത്തി ലിറ്റററി ഫെസ്റ്റിവലില്‍ എഴുത്തുകാരി നയന്‍താര സാഹ്ഗലിന് നല്‍കിയ ക്ഷണം പിന്‍വലിച്ച സംഘാടകരുടെ നടപടി അമോല്‍ പലേക്കര്‍ ഓര്‍മിപ്പിച്ചു.

എന്നാല്‍ താന്‍ അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തിയില്ലെന്നും പ്രഭാകര്‍ ബാര്‍വെയെക്കുറിച്ച് കൂടുതല്‍ പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും ജേസല്‍ താക്കര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.

‘ബാര്‍വെയേയും അമോലിനേയും ഞാന്‍ ആരാധിക്കുന്നു. ഒരിക്കലും അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ ബാര്‍വെ മരിച്ച് 24 വര്‍ഷം തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ വര്‍ക്കുകളെ കുറിച്ച് കൂടുതല്‍ പങ്കുവയ്ക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു,’ ജേസല്‍ താക്കര്‍ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Heckled during speech at ngma amol palekar raises concern over censorship

Next Story
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കൊലപാതകം; മൂന്നുപേര്‍ കസ്റ്റഡിയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com